അദാനി: മോദിക്കു ഭയമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരമാവധി ശ്രമിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

അദാനി വിഷയത്തിലെ അഴിമതിയെക്കുറിച്ച്‌ പാര്‍ലമെന്‍റിലെ ചര്‍ച്ചയെ സര്‍ക്കാര്‍ ഭയക്കുകയാണ്.
കോടീശ്വരനായ വ്യവസായിയുടെ പിന്നിലെ ശക്തി എന്താണെന്നു രാജ്യം അറിയണമെന്ന് രാഹുല്‍ ഓര്‍മിപ്പിച്ചു.

ലക്ഷക്കണക്കിനു കോടിയുടെ അഴിമതി നടന്നു. രാജ്യത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരാള്‍ തട്ടിയെടുത്തു. ലക്ഷങ്ങളുടെയും കോടികളുടെയും അഴിമതി പുറത്തുവരണം. അദാനിയുടെ പിന്നിലെ ശക്തി ആരാണെന്നു രാജ്യം അറിയണം. സര്‍ക്കാരിനെക്കുറിച്ചും “ഹം ദോ, ഹമാരേ ദോ’ (ഞങ്ങള്‍ രണ്ട്, ഞങ്ങള്‍ക്കു രണ്ട്) എന്നതിനെക്കുറിച്ചും വര്‍ഷങ്ങളായി ഞാന്‍ പറയുന്നു. ആളുകള്‍ക്കു സത്യം അറിയാന്‍ വേണ്ടിയാണു രണ്ടു വര്‍ഷമായി ഈ വിഷയം ഉന്നയിക്കുന്നത്.

പക്ഷേ പാര്‍ലമെന്‍റില്‍ അദാനിയെക്കുറിച്ചുള്ള ചര്‍ച്ച പോലും ഒഴിവാക്കാന്‍ മോദിജി പരമാവധി ശ്രമിക്കുകയാണ്. ചര്‍ച്ച വേണം. സത്യം പുറത്തുവരണം- രാഹുല്‍ ആവശ്യപ്പെട്ടു. അഞ്ചുമാസം നീണ്ട ഭാരത് ജോഡോ പദയാത്ര കഴിഞ്ഞ് താടിരോമങ്ങള്‍ ഷേവ് ചെയ്യാതെയാണ് രാഹുല്‍ ഇന്നലെ അദാനി വിഷയത്തില്‍ പ്രതികരിച്ചത്.

പൊതുമേഖലയിലെ എല്‍ഐസിയും എസ്ബിഐയും അദാനി കന്പനികളില്‍ പണം നിക്ഷേപിച്ചതിനാല്‍ സാധാരണക്കാരുടെ പണം ഉള്‍പ്പെടുന്ന ഒരു അഴിമതിയാണ് അദാനി ഗ്രൂപ്പിന്‍റെ ഓഹരികളുടെ തകര്‍ച്ചയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നിഷ്പക്ഷ അന്വേഷണമോ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) അന്വേഷണമോ ആവശ്യപ്പെട്ട് പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *