ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ നിയമവിധേയമായി താമസിക്കുന്ന വിദേശികളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയില്‍ വരാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.
സൗദി ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് കുടുംബാംഗങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ റസിഡന്റ് തിരിച്ചറിയല്‍ രേഖ വേണമെന്ന് നിര്‍ബന്ധമില്ല. കുടുംബാംഗങ്ങള്‍ അതാത് ഗള്‍ഫ് രാജ്യത്ത് സന്ദര്‍ശന വിസയിലാണെങ്കില്‍ പോലും അവര്‍ക്ക് സൗദി ടൂറിസ്റ്റ് വിസ ലഭിക്കും.
എന്നാല്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂടെ മാത്രമേ അവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ആദ്യം ഗള്‍ഫ് റസിഡന്റ് വിസയുള്ള പ്രവാസിയാണ് ഓണ്‍ലൈനില്‍ സൗദി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ശേഷം അടുത്ത കുടുംബാംഗങ്ങള്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകള്‍ പൂര്‍ത്തിയാക്കണം.
ഗള്‍ഫ് രാജ്യങ്ങളില്‍ നിയമവിധേയമായി കഴിയുന്ന എല്ലാവര്ക്കും അവരുടെ പ്രൊഫഷന് മാനദണ്ഡമാക്കാതെ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായ ഇവന്റുകള്‍, വിനോദ പരിപാടികളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയെല്ലാം ഇത്തരം വിസയില്‍ വരുന്നവര്‍ക്ക് അനുവദനീയമാണ്. എന്നാല്‍ ഇവര്‍ക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കര്‍മങ്ങളുടെ ദിനങ്ങളില്‍ ഉംറ നിര്‍വഹിക്കുന്നതിനോ അനുമതിയില്ല. https://visa.mofa.gov.sa/ എന്ന വെബ്സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ പാസ്പോര്‍ട്ടിന് ആറ് മാസത്തേയും റസിഡന്‍സി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണം.
