ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തിട്ട് ഒരു മാസം; ഇരുട്ടില്‍ പരതി പൊലീസ്

വയനാട് സ്വാദേശി വിശ്വനാഥന്‍ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു മാസം. വിശ്വനാഥനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികളെ പിടിക്കൂടുന്നതിനോ കണ്ടെത്താനോ പൊലീസിന് ഇന്ന് വരെ സാധിച്ചിട്ടില്ല.

മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തില്‍ കേസ് മന്ദഗതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാല്‍, എസ്‌സി – എസ്ടി കമ്മീഷന്‍ ജില്ലയിലെത്തുകയും സിറ്റിംഗ് നടത്തുകയും പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്, കേസില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഫെബ്രുവരി ഒന്‍പതാം തിയതിയാണ് കേസിനാധാരമായ സംഭവങ്ങള്‍ നടക്കുന്നത്. വിശ്വനാഥനെ കള്ളനെന്ന് വിളിച്ച്‌ ആള്‍ക്കൂട്ടം വിചാരണ ചെയ്യുകയായിരുന്നു. മനം നൊന്ത് വിശ്വനാഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് മനുഷ്യാവകാശ കമ്മീഷന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പക്ഷെ, വിശ്വനാഥനെ കള്ളനെന്ന് വിളിച്ചതും ചോദ്യംചെയ്തതും ആരെല്ലാമാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ആ ദിവസം, മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ പരിസരത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. അതില്‍ നിന്ന് നൂറിലധികം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍, വിശ്വനാഥനെ സംഘത്തോടൊപ്പം കണ്ടവരുണ്ട്. താന്‍ കള്ളനല്ലെന്നും മൊബൈലോ പണമോ മോഷ്ടിച്ചിട്ടില്ലെന്നും മറ്റുള്ളവരോട് വിശ്വനാഥന്‍ പറഞ്ഞതായും മൊഴികളിലുണ്ട്. എന്നാല്‍, ആരാണ് വിശ്വനാഥനെ കള്ളന്‍ എന്ന വിളിച്ചത്, ആരാണ് ചോദ്യം ചെയ്‌തത്‌ എന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

സമീപത്തെ സെക്യൂരിറ്റി ക്യാമറകള്‍ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വിശ്വനാഥനെ ആളുകള്‍ വളഞ്ഞ ആക്രമിക്കുന്നതിന്റെയോ ചോദ്യം ചെയ്യുന്നതിന്റെയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 11നാണ് തൂങ്ങി മരിച്ച നിലയില്‍ വിശ്വനാഥനെ കണ്ടെത്തിയത്. ശാസ്ത്രീയമായ അന്വേഷണങ്ങള്‍ ഉണ്ടാകുമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിമാര്‍ ഉള്‍പ്പെടെ അറിയിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ സാധിക്കാതെ പൊലീസ് ഇരുട്ടില്‍ പരതുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *