കമ്യൂണിസ്റ്റായി ജീവിച്ചു, മരിക്കുന്നതും കമ്യൂണിസ്റ്റായിട്ടായിരിക്കും -കെ.കെ. രമ

കോഴിക്കോട്: യു.ഡി.എഫിന്റെ പിന്തുണയോടെ എം.എല്‍.എയായെങ്കിലും ആര്‍.എം.പി.ഐ ഒരിക്കലും മുന്നണിയില്‍ സഖ്യകക്ഷിയാകില്ലെന്ന് കെ.കെ.

രമ എം.എല്‍.എ. ആര്‍.എം.പി.ഐ മുന്നോട്ടുവെക്കുന്നത് ഇടതു ബദല്‍ രാഷ്ട്രീയമാണ്. ദലിത് ക്ഷേമമാണ് മുഖ്യം. ഇടതു ബദല്‍ സാധ്യമാണെന്ന് ഉറച്ചു വിശ്വസിച്ചയാളായിരുന്നു ടി.പിയെന്നും രമ പറഞ്ഞു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണ സ്വീകരിച്ചത്, മുന്നോട്ടു വരാന്‍ പിന്തുണ ആവശ്യമുള്ളതുകൊണ്ടാണ്. ഞങ്ങളുടെ രാഷ്ട്രീയം നടപ്പാക്കുന്നതിന് പിന്തുണ വേണം. ഞങ്ങളെ പിന്തുണച്ചതിന് കോണ്‍ഗ്രസിന് അവരുടെതായ ലക്ഷ്യങ്ങളുണ്ടാകും. എന്നാല്‍ പിന്തുണ വളരെ പ്രധാനമാണ്. പലരും ഇതിനെ അവസരവാദമായാണ് കാണുന്നതെന്നും കെ.കെ. രമ വ്യക്തമാക്കി.

യു.ഡി.എഫിനെ ജനാധിപത്യ മതേതര മുന്നണിയായാണ് ഞാന്‍ കാണുന്നത്. എന്നാല്‍ യു.ഡി.എഫ് എന്തെങ്കിലും തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കും.

ഞാന്‍ കമ്മ്യൂണിസ്റ്റായാണ് ജീവിച്ചത്. മരിക്കുന്നതും കമ്മ്യൂണിസ്റ്റ് ആയിട്ടായിരിക്കും. ഒരിക്കലും യു.ഡി.എഫിന്റെ ഭാഗമാകില്ല. യു.ഡി.എഫ് അധികാരത്തില്‍ വരുമ്ബോള്‍ ആര്‍.എം.പി.ഐ മന്ത്രി ഉണ്ടായിരിക്കില്ല.

സഭയില്‍ യു.ഡി.എഫ് എല്‍.ഡി.എഫിനെ എതിര്‍ക്കുമ്ബോള്‍ അവരത് കാര്യമായി എടുക്കുന്നില്ല. കാരണം എല്‍.ഡി.എഫ് ചെയ്യുന്ന അതേ തെറ്റ് യു.ഡി.എഫും ചെയ്യുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ എനിക്ക് അത്തരം പ്രശ്നങ്ങളില്ല. ആര്‍.എം.പി.ഐക്ക് ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണുള്ളത്.

നിയമസഭയില്‍ തുടക്കകാലത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നു. എല്‍.ഡി.എഫിന്റെ വനിതാ എം.എല്‍.എമാര്‍ സംസാരിക്കാന്‍ ഭയന്ന് എന്നെ അവഗണിക്കാറായിരുന്നു. ഇപ്പോള്‍ ആ പ്രശ്നമില്ല. എല്ലാവരുമായി നല്ല സൗഹൃദമാണ്.

യു.ഡി.എഫില്‍ വനിതാ എം.എല്‍.എമാര്‍ വളരെയധികം കുറവാണ്. അത് കഴിവുള്ള സ്ത്രീകള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച്‌ യു.ഡി.എഫിലെ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കാത്തതിനാലാണ്. എല്‍.ഡി.എഫിനെ അപേക്ഷിച്ച്‌ യു.ഡി.എഫില്‍ പുരുഷാധിപത്യം കൂടുതലാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു. ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസി’നു നല്‍കിയ അഭിമുഖത്തിലാണ് രമ മനസു തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *