കുട്ടവഞ്ചിയില്‍ കൊണ്ടുപോയി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ്‌ പിടിയില്‍

മുട്ടം: കുട്ട വഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ പിടിയില്‍. മുട്ടം സ്വദേശി താന്നിക്കാമറ്റത്തില്‍ ഉദയ ലാല്‍ ഘോഷാ(44)ണു പിടിയിലായത്‌.

ഒന്നര മാസത്തോളമായി ഒഴിവില്‍ കഴിഞ്ഞുവരികയായിരുന്നു. മൂന്നാം ഭാര്യയ്‌ക്കൊപ്പം എറണാകുളത്ത്‌ നിന്നുമാണു പ്രതിയെ പിടികൂടിയത്‌. മുട്ടം മാത്തപ്പാറ കോളനിക്ക്‌ സമീപം മലങ്കര ജലാശയത്തിന്‌ നടുവിലെ തുരുത്തില്‍ എത്തിച്ച്‌ പീഡനം നടത്തിയെന്നതാണു കേസ്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ:
കഴിഞ്ഞ ജനുവരി 26നാണു സംഭവം. ഉച്ചയോടെ പെണ്‍കുട്ടിയും മറ്റ്‌ രണ്ട്‌ പേരും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയിരുന്നു. ഈ സമയം രണ്ട്‌ കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ്‌ രണ്ട്‌ കുട്ടികളും കൂടി ജലാശയത്തിന്‌ സമീപത്തെ തുരുത്തിലേക്ക്‌ പോയി. മറ്റ്‌ രണ്ട്‌ കുട്ടികളേയും തന്ത്രപൂര്‍വം പ്രതി തിരിച്ചയച്ചു. ഇതിനു ശേഷമാണ്‌ തുരുത്തിലെത്തിച്ച്‌ പെണ്‍കുട്ടിയെ പീഡനത്തിന്‌ ഇരയാക്കിയത്‌.
പെണ്‍കുട്ടിയുടെ സ്വഭാവ വ്യതിയാനം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ നടത്തിയ കൗണ്‍സലിങ്ങിലാണു പീഡന വിവരം പുറത്തറിയുന്നത്‌. പോലീസ്‌ തന്നെ അന്വേഷിക്കുന്നത്‌ മനസിലാക്കിയ ഉദയലാല്‍ ഒളിവില്‍ പോയി. പ്രതിയുടെ ഫോണ്‍ ഓഫ്‌ ചെയ്‌ത നിലയിലായിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *