ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി ബിജെപി. അദാനി വിവാദത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതി മുന്പാകെ ബിജെപി ആവശ്യപ്പെട്ടിരുന്നു.
ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിലും അദാനി വിവാദം കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്ന സാഹചര്യത്തിലാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുന്നത്.
ശിശുപാല വധത്തിന് തയാറെന്നും നിയമത്തിന്‍റെ കൈകള്‍ നീണ്ടതാണെന്നും പറഞ്ഞ് അവകാശലംഘന നോട്ടീസിലെ പരാതിക്കാരനായ ബിജെപി എംപി നിഷികാന്ത് ദുബെ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയുമായി അദാനിയെ ബന്ധപ്പെടുത്തി നടത്തിയ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന വിശദീകരണം മാത്രമാണ് രാഹുല്‍ ഗാന്ധി അവകാശസമിതി മുന്പാകെ നല്‍കിയത്.
