
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം, കടലാസ് കമ്ബനി വിഷയങ്ങളില്‍ ജനങ്ങളെ കബളിപ്പിച്ച് കേന്ദ്രം.
ഇന്ത്യയില്‍നിന്ന് കടത്തിയ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് കടലാസ് കമ്ബനി എന്താണെന്ന് വ്യക്തമല്ലെന്ന്. വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ സ്ഥാപിച്ച കടലാസ് കമ്ബനി എന്നത് നിയമപരമായി നിര്‍വചിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്തരം കമ്ബനികളുടെ വിശദാംശങ്ങള്‍ ശേഖരിക്കേണ്ടതില്ലെന്നും കഴിഞ്ഞ 21ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിനെ ധനസഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ സംബന്ധിച്ച് പനാമ പേപ്പര്‍, പാരഡൈസ് പേപ്പര്‍, പണ്ടോറ പേപ്പര്‍ എന്നിവവഴി പുറത്തുവന്ന വിവരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പനാമ, പാരഡൈസ്, പണ്ടോറ വെളിപ്പെടുത്തലുകളില്‍എത്ര ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നോ എത്രപേര്‍ക്കെതിരെ നടപടി സ്വീകരിക്കാനുണ്ടെന്നോ കേന്ദ്രം വ്യക്തമാക്കുന്നില്ല.
2015 ജൂലൈമുതല്‍ സെപ്തംബര്‍വരെ കേന്ദ്രം നടപ്പാക്കിയ ഒറ്റത്തവണ വെളിപ്പെടുത്തല്‍ പദ്ധതിയില്‍ 4164 കോടി രൂപയുടെ അനധികൃത വിദേശ ആസ്തികള്‍ ക്രമപ്പെടുത്തി. നികുതി, പിഴ എന്നീ ഇനങ്ങളില്‍ 2470 കോടി രൂപ ഈടാക്കിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. വെളിപ്പെടുത്താത്ത നിക്ഷേപം എത്രമടങ്ങാണെന്ന് ഇത് സൂചിപ്പിക്കുന്നു. നോട്ടുനിരോധനത്തിനു തൊട്ടുമുമ്ബ് ഒറ്റത്തവണ വെളിപ്പെടുത്തല്‍ പദ്ധതി നടപ്പാക്കിയതിന്റെ ഉദ്ദേശ്യശുദ്ധിയും സംശയകരമാണ്.