
ജനങ്ങള്‍ക്കുവേണ്ടത് 40 ശതമാനം കമീഷന്‍ സര്‍ക്കാറല്ലെന്നും 100 ശതമാനം ആത്മാര്‍ഥതയുള്ള സര്‍ക്കാറാണെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു.
ബംഗളൂരു ക്വീന്‍സ് റോഡിലെ കെ.പി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവര്‍ഷത്തെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതിയില്‍ ജനങ്ങള്‍ മടുത്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഒരു പരിഹാരവുമില്ല. ജീവിക്കാന്‍ മികച്ച നഗരങ്ങളുടെ സൂചിക പട്ടികയില്‍ മുമ്ബിലായിരുന്ന ബംഗളൂരു ഇപ്പോള്‍ താഴേക്ക് പോയിരിക്കുന്നു. എല്ലാ തലത്തിലും ബി.ജെ.പി സര്‍ക്കാറിന്റെ ഭരണം പരാജയമാണ്. അഞ്ചുവര്‍ഷം കൊണ്ട് 10 ലക്ഷം തൊഴില്‍രഹിതര്‍ക്ക് ജോലി, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ, എല്ലാ വീടുകള്‍ക്കും പ്രതിമാസം 200 യൂനിറ്റ് സൗജന്യ വൈദ്യുതി, ബി.പി.എല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ വീതം സൗജന്യ അരി തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്ലികാര്‍ജുന ഖാര്‍ഗെയും കണ്ണുവെക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, മല്ലികാര്‍ജുന ഖാര്‍ഗെ ആദരണീയനായ വ്യക്തിയാണെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും തരൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നത് കോണ്‍ഗ്രസിന്റെ പാരമ്ബര്യമാണെന്നും വിജയത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ നിരാശയുണ്ട്. അവരെല്ലാം മതേതരത്വ മനസ്സുള്ളവരാണ്. വര്‍ഗീയ അജണ്ടയുള്ള ഒരു പാര്‍ട്ടിയില്‍ അവര്‍ സ്വാഗതം ചെയ്യപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് തെറ്റുപറ്റിയതാണെന്ന് ഞാന്‍ കരുതുന്നു- തരൂര്‍ പറഞ്ഞു.