രാഷ്ട്രീയ എതിരാളികളെ മറികടക്കാന്‍ ജനാധിപത്യം നഷ്ടപ്പെടുത്തരുത്- സുപ്രീംകോടതി

ന്യൂഡല്‍ഹി: അധികാരത്തിലുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയ എതിരാളികളെ മറികടക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ജനാധിപത്യം നഷ്ടപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി.

തമിഴ്നാട്ടില്‍ ഡി.എം.കെ തുടങ്ങിയ തൊഴില്‍ പദ്ധതി പിന്നീട് ഭരണത്തിലേറിയ എ.ഐ.എ.ഡി.എം.കെ നിര്‍ത്തലാക്കിയ തര്‍ക്കത്തില്‍ വിധിപറഞ്ഞാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈകോടതി വിധി ബെഞ്ച് റദ്ദാക്കി.

കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ 1989 സെപ്റ്റംബര്‍ രണ്ടിന് ഗ്രാമ വികസന വകുപ്പിന് കീഴില്‍ പത്താം തരം വിജയിച്ച യുവാക്കള്‍ക്ക് 12,617 ഗ്രാമങ്ങളില്‍ തൊഴില്‍ നല്‍കാനായി ‘മക്കള്‍ നല പണിയളര്‍കള്‍’ (ഗ്രാമ തല പ്രവര്‍ത്തകര്‍) എന്ന പേരില്‍ പദ്ധതി തുടങ്ങിയിരുന്നു. 25,234 പേര്‍ക്ക് മാസം തോറും 200 രൂപ ഓണറേറിയം നല്‍കിയാണ് പദ്ധതി ആരംഭിച്ചത്.

എന്നാല്‍ 1991ലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കി. 1997ല്‍ ഡി.എം.കെ സര്‍ക്കാര്‍ പദ്ധതി പുനരാരംഭിച്ചുവെങ്കിലും 2001ല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ വീണ്ടും റദ്ദാക്കി. 2006ല്‍ മൂന്നാമതും ഡി.എം.കെ സര്‍ക്കാര്‍ പദ്ധതി പുനരാരംഭിച്ചെങ്കിലും 2011ല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ വീണ്ടും നിര്‍ത്തലാക്കി.

ഇതിനെതിരെ എം.എന്‍.പി എന്നറിയപ്പെടുന്ന തൊഴില്‍ നേടിയവര്‍ നടത്തിയ നിയമയുദ്ധത്തില്‍ 2014ല്‍ മദ്രാസ് ഹൈകോടതി പദ്ധതിക്ക് കീഴില്‍ തൊഴില്‍ നേടിയവരെ ഏതെങ്കിലും സര്‍ക്കാര്‍ ജോലികളില്‍ പ്രായം നോക്കാതെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, ഇതിനെതിരെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍നിന്ന് ഇടക്കാല സ്റ്റേ വാങ്ങി.

മദ്രാസ് ഹൈകോടതിയുടെ നിര്‍ദേശം അപ്രായോഗികമാണെന്ന് കണ്ട് റദ്ദാക്കിയ സുപ്രീംകോടതി അതേസമയം എം.എന്‍.പിക്കാരില്‍ ഒരു പഞ്ചായത്തിലെ ഒരാള്‍ക്ക് എന്ന തോതില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ഗ്രാമങ്ങളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ 2022 ജൂണ്‍ ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് ശരിവെക്കുകയും ചെയ്തു.

ഏതെങ്കിലും വസ്തുതാപരവും യുക്തിസഹവുമായ കാരണങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രമാണ് അഭ്യസ്തവിദ്യര്‍ക്കുള്ള തൊഴില്‍ പദ്ധതി എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ നിര്‍ത്തിയതെന്ന് രേഖകളില്‍നിന്ന് വ്യക്തമാണെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗിയും ബേല എം ത്രിവേദിയും വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

രാഷ്ട്രീയ ചിത്രം എപ്പോഴെല്ലാം മാറുന്നോ അപ്പോഴെല്ലാം മാറി വന്ന സര്‍ക്കാര്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മുന്‍ സര്‍ക്കാറിന്റെ നയപരമായ തീരുമാനം റദ്ദാക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

2002 ജൂണ്‍ ഏഴിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പദ്ധതി തുടരുന്നതുവരെ ജോലിയില്‍ തുടരാം. 2011 ഡിസംബര്‍ ഒന്നു മുതല്‍ 2012 മേയ് 31 വരെയുള്ള ആറുമാസ കാലയളവില്‍ ഓണറേറിയമായി 25,851 നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. മൂന്നു മാസത്തിനകം രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി എം.എന്‍.പിക്കാര്‍ തുക കൈപ്പറ്റണം.

Leave a Reply

Your email address will not be published. Required fields are marked *