
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്.
ഇതോടെ ഒരു ഗ്രാമിന് 5,620 രൂപയും പവന് 44,960 രൂപയുമായി. അന്താരാഷ്‌ട്ര സ്വര്‍ണവില 2018 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 82.07 ലുമാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണവില വന്‍ വര്‍ധനയിലേക്ക് നീങ്ങുമെന്നാണ് വിപണി നല്‍കുന്ന സൂചന.
രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍, വീണ്ടും ഉയര്‍ന്നുവരുന്ന സാമ്ബത്തിക പ്രതിസന്ധികള്‍, യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം സ്വര്‍ണവില ഇനിയുമുയരാനുള്ള സാധ്യതാ ഘടകങ്ങളാണ്. അതേസമയം സ്വര്‍ണവിലയില്‍ ചില തിരുത്തലുകള്‍ വന്നേക്കുമെന്ന് വാദിക്കുന്നവരുമുണ്ട്.
വിലവര്‍ധന മൂലം സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കളുടെ വാങ്ങല്‍ശക്തി ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്ബാടുമുള്ള വിപണികളിലും ഇടിവിനു കാരണമായിട്ടുണ്ടെന്നും ഇത് താത്കാലികമാണെന്നുമാണ് വിലയിരുത്തല്‍.
അന്താരാഷ്‌ട്ര വില 1800 ഡോളറില്‍നിന്നു താഴേക്കു പോകാനുള്ള സാധ്യതകളില്ല. 24 കാരറ്റ് സ്വര്‍ണത്തിന്‍റെ ബാങ്ക് നിരക്ക് 63 ലക്ഷത്തിലേക്കെത്താനാണു സാധ്യത. ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കുകയും രൂപ കരുത്താര്‍ജിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇന്ത്യയില്‍ സ്വര്‍ണവിലയില്‍ കുറവുണ്ടാകൂ.
വിലവര്‍ധന ലാഭകരമാക്കാന്‍ ഹെഡ്ജിംഗും ട്രേഡിംഗും നടത്താന്‍ വ്യാപാരികള്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
വിലവര്‍ധന മൂലം ഇന്ത്യയിലുടനീളം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ സ്വീകാര്യത വര്‍ധിക്കുന്നതായിട്ടാണു വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചന. 22 കാരറ്റും 18 കാരറ്റും തമ്മില്‍ 1000 രൂപയുടെ വ്യത്യാസമുള്ളതിനാലാണിത്. ഡയമണ്ട് ആഭരണങ്ങള്‍ കൂടുതലും 18 കാരറ്റിലാണു നിര്‍മിക്കുന്നത്.