മ്യാന്‍മറില്‍ ജനത്തിനു നേര്‍ക്ക് പട്ടാളത്തിന്‍റെ വ്യോമാക്രമണം; മരണം നൂറിനു മുകളില്‍

യാങ്കോണ്‍: മ്യാന്‍മര്‍ സൈന്യം ചൊവ്വാഴ്ച ജനങ്ങളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ മരണം നൂറിനു മുകളിലായി.

പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സസിന്‍റെ ശക്തികേന്ദ്രമായ സഗായിംഗിലുണ്ടായ സംഭവത്തെ അപലപിച്ച്‌ ഐക്യരാഷ്‌ട്രസഭ രംഗത്തുവന്നു.

ഇവിട ത്തെ ഒരു ഗ്രാമത്തില്‍ ജനങ്ങള്‍ സമ്മേളിക്കവേ യുദ്ധവിമാനം ബോംബ് വര്‍ഷിക്കുകയും തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തുകയുമായിരുന്നു.

വിമതപോരാളികളെ റിക്രൂട്ട് ചെയ്യാന്‍ ഗ്രാമത്തില്‍ ഓഫീസ് തുറന്ന സാഹചര്യത്തിലാണ് ആക്രമണം നടത്തിയതെന്നു പട്ടാളം അറിയിച്ചു. വിമതരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സിവിലിയന്മാര്‍ കൊല്ലപ്പെട്ടുവെങ്കില്‍ ഉത്തരവാദി വിമതരാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ സമ്മേളിച്ചിരുന്ന ഹാളിനു മുകളിലാണു ബോംബ് പതിച്ചത്. തുടര്‍ന്ന് 20 മിനിറ്റോളം ഹെലികോപ്റ്ററില്‍നിന്നു വെടിവയ്പുണ്ടായി. തുടര്‍ന്ന് മടങ്ങിയ ഹെലികോപ്റ്റര്‍ ജനങ്ങള്‍ മൃതദേഹങ്ങള്‍ എടുത്തുകൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ തിരിച്ചെത്തി വീണ്ടും വെടിയുതിര്‍ത്തു. ചിതറിക്കടക്കുന്ന ശരീരഭാഗങ്ങളുടെയും തകര്‍ന്ന കെട്ടിടങ്ങളുടെയും വീഡിയോ പുറത്തുവന്നു.
2021 ഫെബ്രുവരിയില്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചു ഭരണം പിടിച്ച പട്ടാളം ജനങ്ങളുടെ നേര്‍ക്കു നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

ആക്രമണമുണ്ടായ സഗായിംഗ് മേഖലയില്‍ സൈന്യം ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. ഇതിനു പ്രതികാരമായി സ്കൂളുകളില്‍ അടക്കം ആക്രമണം നടത്തുന്നതു പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സൈന്യം ജനങ്ങളെ ആക്രമിച്ചത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നു യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടുര്‍ക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *