ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ബിജെപി നീക്കത്തിനെതിരേ ആഞ്ഞടിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.
‘ഒരു രാജ്യം, ഒരു പാല്‍’ എന്നുള്ള ബിജെപി മുദ്രാവാക്യം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്‍റെ ധവള വിപ്ലവത്തില്‍ നന്ദിനിക്കും അമുലിനും അതിന്‍റേതായ വിജയഗാഥകള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അമുല്‍ ഉത്പന്നങ്ങള്‍ കര്‍ണാടകയിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. കര്‍ണാടകയിലെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ജെഡിഎസും ഇതിനെതിരേ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.
സഹകരണ സ്ഥാപനങ്ങളെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണു കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ ശ്രമിക്കുന്നത്. അഞ്ച് സഹകരണ സംഘങ്ങളെ അമുലുമായി ലയിപ്പിച്ച് രണ്ടു ലക്ഷം ഗ്രാമീണ ഡയറി യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാനുള്ള പദ്ധതിയുടെ ലക്ഷ്യമിതാണെന്നും ജയ്റാം രമേശ് പറഞ്ഞു.
കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെട്ടതാണെന്ന ഭരണഘടനാ ചട്ടം ലംഘിച്ചാണു കേന്ദ്രത്തിന്‍റെ നീക്കം. ഒഎഎഫ്‌ഇഡി, മദര്‍ ഡയറി, വിജയ, ആവിന്‍, സഹകരണ സൊസൈറ്റികള്‍ പോലെ കര്‍ഷകരെ സഹായിക്കുന്ന സഹകരണ സംഘങ്ങളാണു നന്ദിനിയും അമുലും.
കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാക്കി മാറ്റി കര്‍ഷകരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ബിജെപിയുടെയും അമിത്ഷായുടെയും ലക്ഷ്യം. ഇത് കര്‍ഷകരുടെ വരുമാനത്തെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു.