വിദേശ പണപ്പിരിവ്‌ അനധികൃതം ; വിശദാന്വേഷണത്തിന്‌ വിജിലന്‍സ്‌ അനുമതി തേടി

തിരുവനന്തപുരം

പ്രളയബാധിതര്‍ക്കെന്ന പേരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിദേശഫണ്ട് കടത്തി മുക്കിയെന്ന പരാതിയില്‍ വിജിലൻസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ പദവി ദുരുപയോഗത്തിനുള്‍പ്പെടെ കേസെടുത്ത് വിശദാന്വേഷണത്തിന് വിജിലൻസ് അനുമതി തേടി. ഫയല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. സ്വന്തം മണ്ഡലമായ പറവൂരില്‍, 2018ലെ പ്രളയബാധിതര്‍ക്ക് വീട് നിര്‍മിക്കുന്ന പുനര്‍ജനി ഭവനപദ്ധതിയുടെ പേരില്‍ വിദേശത്ത് വൻ പണപ്പിരിവ് നടത്തിയെന്നാണ് പരാതി.

വിദേശരാജ്യങ്ങളില്‍നിന്ന് പണപ്പിരിവ് നടത്താൻ 2017–-2020 കാലത്ത് സതീശന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ കേന്ദ്ര ഏജൻസികളും അന്വേഷിച്ചേക്കും. സിബിഐക്ക് ലഭിച്ച പരാതിയും വിവരങ്ങളും വിജിലൻസിന് കൈമാറിയിരുന്നു. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി പണം കൈമാറിയെന്നാണ് ആരോപണം. ഇതില്‍ കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ട്.

യുകെ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയെന്നതിന്റെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിദേശത്തുനിന്ന് പണം സ്വീകരിച്ചുവെന്ന് വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചിട്ടുമുണ്ട്. ബര്‍മിങ്ഹാമില്‍ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍, പിരിച്ച തുകയെക്കുറിച്ച്‌ സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന് സതീശൻ പറഞ്ഞെങ്കിലും അതുണ്ടായില്ല.

യൂത്ത്കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് രാജേന്ദ്രപ്രസാദ്, കാതിക്കുടം ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് ജയ്സണ്‍ പാനികുളങ്ങര എന്നിവര്‍ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു. അനധികൃതമായി വിദേശത്തുനിന്ന് കോടികള്‍ പിരിച്ചെങ്കിലും ഈ തുക ഉപയോഗിച്ച്‌ വീടുകള്‍ നിര്‍മിച്ചില്ല. സന്നദ്ധസംഘടനകളും സ്വകാര്യവ്യക്തികളും സ്പോണ്‍സര്‍ ചെയ്ത തുക ഉപയോഗിച്ച്‌ നിര്‍മിച്ച വീടുകള്‍ക്ക് പുനര്‍ജനി എന്ന് പേര് നല്‍കുകയായിരുന്നു. പണം മുടക്കിയ ലയൻസ് ക്ലബ് പുനര്‍ജനി ബോര്‍ഡ് വയ്ക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *