യു.എ.ഇയില്‍ കൂടുതല്‍ സ്കൂളുകളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്ന കാര്യം പരിഗണനയില്‍ -വിദ്യാഭ്യാസ മന്ത്രി

ദുബൈ: യു.എ.ഇയില്‍ കേരള പാഠ്യപദ്ധതി പിന്തുടരുന്ന കൂടുതല്‍ സ്കൂളുകളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലെന്ന് കേരള വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി.

ശിവൻകുട്ടി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യൻ ഓവര്‍സീസ് ഡെവലപ്മെന്‍റ് ആൻഡ് എംപ്ലോയീസ് പ്രമോഷൻ കണ്‍സല്‍ട്ടന്‍റ്സ് ലിമിറ്റഡ് (ഒഡേപക്) യു.എ.ഇയില്‍ ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെന്‍റ് സംരംഭങ്ങളെ കുറിച്ച്‌ ദുബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ യു.എ.ഇയില്‍ പ്ലസ് ടു അനുവദിച്ച സ്കൂളുകളില്‍ സയൻസ് ബാച്ചുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച്‌ സ്കൂള്‍ മാനേജ്മെന്‍റുകളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം ആലോചനയിലാണ്. ദേശീയ വിദ്യാഭ്യാസ നയത്തെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍, ചരിത്രങ്ങളെ വിസ്മരിക്കുന്ന നിലപാടുകളോട് യോജിക്കാനാവില്ല. ഒഡേപെക് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അറബി ഭാഷയില്‍ പരിശീലനം നല്‍കും. മെഡിക്കല്‍, പാരമെഡിക്കല്‍ രംഗത്തുള്ളവരെ കൂടാതെ മറ്റു വിദഗ്ധ മേഖലകളില്‍ നിന്നും ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യും. ഇതിന്‍റെ ഭാഗമായി ഇൻഡസ്ട്രിയല്‍ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ (ഐ.ടി) പ്രത്യേക കോഴ്സുകള്‍ ആരംഭിക്കും. അതോടൊപ്പം ആറു മാസത്തിനുള്ളില്‍ ഒഡേപെക് വഴി യു.എ.ഇയിലേക്ക് 1000ത്തോളം ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. യൂറോപ്പ്, യു.കെ, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒഡേപെക് ഗള്‍ഫ് രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്‍റ് നടപടികള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒഡേപെകിന്‍റെ ‘അറോറ’ പദ്ധതി വഴി 59 നഴ്സുമാരെ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്താനായതായി ചെയര്‍മാൻ അഡ്വ. കെ.പി. അനില്‍കുമാര്‍ പറഞ്ഞു. എല്‍.ഇ.എല്‍.ഐ പദ്ധതി വഴി അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ ബെല്‍ജിയത്തിലെ പ്രധാന ആശുപത്രികളിലേക്ക് 50 നഴ്സുമാരെ റിക്രൂട്ട്മെന്‍റ് ചെയ്യുമെന്നും അനില്‍കുമാര്‍ പറഞ്ഞു. ഒഡേപെക് മാനേജിങ് ഡയറക്ടര്‍ അനൂപ് കെ. അച്യുതനും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *