പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ട് ലഭിക്കാതെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ജയിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
പുതുപ്പള്ളിയിലെ ബി ജെ പി വോട്ടുകള്‍ യു ഡി എഫ് വാങ്ങിയോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വോട്ടെണ്ണുമ്ബോള്‍ മാത്രമേ ഇത് വ്യക്തമാകുയെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ വോട്ട് വാങ്ങിയിട്ടില്ലെങ്കില്‍ ചാണ്ടി ഉമ്മൻ ജയിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
‘താഴെത്തട്ടിലെ കണക്കെല്ലാം കിട്ടിയിട്ടുണ്ട്. പ്രശ്നം ഇത്രയേയുള്ളൂ, ബി ജെ പിയ്ക്ക് പത്ത് പത്തൊൻപതിനായിരം വോട്ടുണ്ട് അവിടെ. ആ ബി ജെ പി വോട്ട് യു ഡി എഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്ബോള്‍ മാത്രമേ അത് മനസിലാകുകയുള്ളൂ. ബി ജെ പി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും’,- സി പി എം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ലെന്നും വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലെ വിധി സര്‍ക്കാരിന്റെ ആണിക്കല്ലിളക്കുന്നതാകുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെയും ഗോവിന്ദൻ പ്രതികരിച്ചു. ഈ വിധിയോടെ സര്‍ക്കാരിന്റെ ആണിക്കല്ല് ഉറയ്‌ക്കുകയാണ് ചെയ്യുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആരു ജയിക്കും, തോല്‍ക്കും എന്നത് വസ്തുനിഷ്ടമായിരിക്കുകയാണ്. ഇനി വെറുതെ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള്ള സംഘടന – രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാൻ സാദ്ധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. പോളിംഗ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ളത്’.- എം വി ഗോവിന്ദൻ പറഞ്ഞു.
