
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ കോണ്‍ഗ്രസ് വടകരയില്‍ പരീക്ഷിച്ചേക്കുമെന്ന് സൂചന.
ഇനി മത്സര രംഗത്തേക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയ മുരളീധരന്‍ ഹൈക്കമാന്റിന്റെ ഇടപെടലോടെയാണ് തീരുമാനം മാറ്റുന്നതെന്നും മത്സരരംഗത്ത് ഉണ്ടാകണമെന്ന് കര്‍ശനമായ നിര്‍ദേശം തന്നെ ഹൈക്കമാന്റ് നല്‍കിയെന്നുമാണ് വിവരം. അതേസമയം മുസ്‌ളീംലീഗ് അവകാശവാദം ഉന്നയിച്ചിരിക്കുന്ന മൂന്നാംസീറ്റും വടകര തന്നെയാണെന്നാണ് സൂചനകള്‍. മത്സരിക്കാന്‍ മുരളി സന്നദ്ധമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
താന്‍ ലോക്‌സഭയിലേക്ക് വേണമോ നിയമസഭയിലേക്ക് മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നാണ് കെ. മുരളീധരന്റെ പുതിയ പ്രതികരണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രത്യേകം സന്നദ്ധത അറിയിക്കേണ്ട സാഹചര്യമില്ലെന്നും ഹൈക്കമാന്റ് പറഞ്ഞാല്‍ അംഗീകരിക്കുമെന്നും പറഞ്ഞു. മത്സരിക്കണമെന്ന് കഴിഞ്ഞയാഴ്ച കെ.സി. വേണുഗോപാല്‍ കെ. മുരളീധരനോട് തന്നെ നേരിട്ട് ആവശ്യപ്പെട്ടതായിട്ടാണ് വിവരം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പാര്‍ട്ടി തീരുമാനത്തിനു വഴങ്ങണമെന്നാണ് നിര്‍ദേശം.
ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അത് താന്‍ അംഗീകരിക്കും. അതിനായി പ്രത്യേകം സന്നദ്ധത പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നാണ് കെ. മുരളീധരന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. കണ്ണൂരില്‍ കെ.കെ.ഷൈലജയെ സിപിഎം പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ വേണമെന്ന പരിഗണനയാണ് മുരളീധരനിലേക്ക് ഹൈക്കമാന്റ് എത്തിയതിന് കാരണം. കണ്ണൂരില്‍ കെ.കെ. ഷൈലജയ്ക്ക് എതിരേ മികച്ച സ്ഥാനാര്‍ത്ഥിയെ തപ്പിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്.
കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുരളീധരന്‍ സ്ഥിരീകരിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കെ സുധാകരന്‍. അത് ഏറെക്കൂറെ എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറയുന്നു. കെ.കെ. ഷൈലജയ്ക്ക് എതിരേ പ്രാദേശീക പരിഗണന കൂടി കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്തിന്റെയും കണ്ണൂരുകാരനായ മേയര്‍ ടി.ഒ. മോഹനന്റേയും പേര് ഉയരുന്നുണ്ട്. സുധാകരന്‍ മുമ്ബോട്ട് വെയ്ക്കുന്ന പ്രധാന പേരും ജയന്തിന്റേതാണ്. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ വീണ്ടും മത്സരിച്ചേക്കാനാണ് സാധ്യത.