തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിധിയോട് പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്നും യുഡിഎഫ് നിരപരാധികളെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു.
സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ ഉള്‍പ്പടുത്തുകയായിരുന്നു കോണ്‍ഗ്രസ്. കുഞ്ഞനന്തൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനൻ മാഷിനെ ഉള്‍പ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം. അത് വടകരയിലുള്ളവർക്കും അറിയാം. സിപിഎമ്മിന് ഒരു പങ്കുമില്ല ഈ കേസിലെന്നും ഇപി കൂട്ടിച്ചേർത്തു.
ടിപി കേസിലെ വിധിയോട് പ്രതികരിച്ച ഇപി ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിലും പ്രതികരിച്ചു. ലീഗിനെ കോണ്‍ഗ്രസ് പരിഹസിക്കുകയാണെന്ന് ഇപി പറഞ്ഞു. ചോദിച്ച സീറ്റ് കൊടുക്കാതെ ആറുമാസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് പറയുന്നത്. ഇന്നത്തെ സ്ഥിതിയില്‍ രാജ്യസഭയില്‍ ജയിക്കാൻ ലീഗിന് കോണ്‍ഗ്രസിൻ്റെ സഹായം വേണ്ട. രണ്ട് സീറ്റില്‍ എല്‍ഡിഎഫ് ജയിക്കും. മൂന്നാമത്തെ സിറ്റില്‍ ലീഗ് തനിച്ച് ജയിക്കാൻ കഴിയും. കേരളത്തില്‍ യുഡിഎഫ് ദുർബലപ്പെട്ടു. കോണ്‍ഗ്രസില്‍ തമ്മിലടിയാണ്. ആർഎസ്‌എസിനെതിരെ നില്‍ക്കാല്‍ യുഡിഎഫിന് ത്രാണിയില്ല. പരിഹാസ്യ കഥാപാത്രമായി ആരെയെങ്കിലും ചാരി നില്‍ക്കാതെ സ്വന്തമായി നില്‍ക്കാൻ ലീഗ് ശ്രമിക്കണമെന്നും ഇപി കൂട്ടിച്ചേർത്തു.
