ജര്‍മ്മനിയില്‍ 250 നഴ്‌സിംങ് ഒഴിവുകള്‍

കൊച്ചി: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. ചൊവ്വാഴ്ച (മെയ് 20ന്) കൊച്ചിയില്‍ ആരംഭിച്ച അഭിമുഖം മെയ് 23 നും മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29 നും പൂര്‍ത്തിയാകും. ജര്‍മനിയിലെ ഹോസ്പിറ്റലുകളിലേയ്ക്ക് 250 നഴ്‌സുമാരെയാണ് ഏഴാം എഡിഷനില്‍ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നല്‍കിയ 4200 അപേക്ഷകരില്‍ നിന്നും ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളെ ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള പ്ലേയ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍മാര്‍ നേരിട്ടെത്തിയാണ് അഭിമുഖം നടുത്തുന്നത്. പ്ലേസ്മെന്റ് ഓഫീസര്‍ ക്രിസ്ത്യാനാ സോമിയായുടെ നേതൃത്വത്തില്‍ നടക്കുന്ന അഭിമുഖങ്ങളള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികളും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ (GIZ) പ്രതിനിധികളും പങ്കെടുത്തു.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ എ2 അല്ലെങ്കില്‍ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *