നിലമ്പൂര്‍: കാട്ടാനകള്‍ ആടുകളെ പോലെയും കടുവയും പുലിയും പൂച്ചയെ പോലെയും നാട്ടിലൂടെ നടന്ന് ആക്രമണം നടക്കുമ്പോള്‍ ഇതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാറിനെ ജനങ്ങള്‍ വെറുത്തുവെന്നും, വന്യജീവി ശല്യം ഇല്ലാതാക്കുവാന്‍ യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ശാശ്വത പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പര്യടനം ചുങ്കത്തറ മാമ്പൊയിലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ഭീഷണി യു.ഡി.എഫ്. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞ ദിവസം യു.ഡി.എഫ്. നേതാക്കളുടെ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. മലയോരത്തെ ജനങ്ങള്‍ക്കായി പോരാടുന്നവരാണ് യു.ഡി.എഫിലുള്ള കക്ഷികളെല്ലാം. ഭാവി കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ എല്ലാവരും യു.ഡി.എഫിനെയാണ് ഉറ്റുനോക്കുന്നത്. കേരളം എല്ലാ മേഖലയിലും തകര്‍ന്നു. പ്രതീക്ഷയോടെയാണ് നിലമ്പൂര്‍ തെരഞ്ഞടുപ്പിനെ കേരളം കാണുന്നത്. മാറ്റം കൊണ്ടുവരാന്‍ യു.ഡി.എഫിനേ കഴിയൂ. അതുകൊണ്ടാണ് ചെറുതും വലുതുമായ സംഘടനകള്‍ യു.ഡി.എഫിന് പിന്തുണ നല്‍കുന്നത്. അതില്‍ സി.പി.എം. അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. ആശയപരമായി യു.ഡി.എഫുമായി യോജിക്കാത്തവരും യു.ഡി.എഫ്. സഥാനാര്‍ഥിയെ വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഇടതു സര്‍ക്കാര്‍ അത്രയും ജനവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. ജീവസുറ്റ ഒരു സര്‍ക്കാറിനായി കേരളം കാത്തിരിക്കുകയാണ്. അതിന്റെ കേളികൊട്ടാണ് നിലമ്പൂരിലേത്.
എല്ലാ മേഖലയിലും സര്‍ക്കാര്‍ പരാജയമാണ്. കേരള തീരത്ത് കപ്പല്‍ അപകടമുണ്ടായപ്പോള്‍ നഷ്ടപരിഹാരത്തിന് സര്‍ക്കാര്‍ കേസ് നല്‍കാന്‍ തയ്യാറാവുന്നില്ല. കപ്പല്‍ കത്തി അപകടമുണ്ടായാല്‍ മത്സ്യതൊഴിലാളികളെയാണ് ബാധിക്കുക. അവര്‍ക്ക് മത്സ്യബന്ധനത്തിന് പോകുവാന്‍ കഴിയില്ല. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ കപ്പല്‍ കമ്പനിക്കെതിരെ കേസിന് പോകണം. അതിന് സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്. ഇപ്പോള്‍ വികസനപ്രവര്‍ത്തനത്തിന് ഫണ്ടില്ലെന്നാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തും പ്രതിസന്ധിയുണ്ടായിരുന്നു. എന്നാല്‍ അതിനെ മറികടക്കാനുള്ള ഇച്ഛാശക്തി യു.ഡി.എഫ്. സര്‍ക്കാറിനുണ്ടായിരുന്നു. പണമില്ലാത്തതിന്റെ പേരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു വികസനവും മുടക്കിയിട്ടില്ലെന്നും കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ വികസന മുരടിപ്പിന് സര്‍ക്കാറിനെകൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ പറമ്പില്‍ ബാവ അധ്യക്ഷനായി. എം.പി.മാരായ രാജ്മോഹന്‍ ഉണ്ണിത്താന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, എം.എല്‍.എമാരായ മാത്യു കുഴല്‍നാടന്‍, പി.കെ.ബഷീര്‍, സജി ജോസഫ്, മോന്‍സ് ജോസഫ്, മുന്‍ എം.എല്‍.എമാരായ പാറക്കല്‍ അബ്ദുള്ള, ഷാനിമോള്‍ ഉസ്മാന്‍, ജോസഫ് വാഴക്കന്‍, ഡി.സി. പ്രസിഡന്റ് വി.എസ്.ജോയ്, ഇസ്മായില്‍ മുത്തേടം, കെ.ടി.കുഞ്ഞാന്‍, പി.ടി.അജയ്മോഹന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യന്‍, സി.ഡി. സെബാസ്റ്റ്യന്‍, പുത്തലത്ത് മാനു, സി.എച്ച്.കരിം, എം.ഷറഫു, ബാപ്പുട്ടി മാമ്പൊയില്‍, യു.കുഞ്ഞു മുഹമ്മദ്, സീനത്ത് കുറുമ്പലങ്ങോട്, ബുഷ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.
