കോഴിക്കോട്: സമീപകാലത്തായി അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ ആശങ്ക. എട്ടുമാസത്തിനിടെ സംസ്ഥാനത്ത് എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണവുമുണ്ടായി. 23 പേർക്കാണ് ലക്ഷണങ്ങളോടെ രോഗം സംശയിക്കുന്നത്. ഒരുമാസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്നുപേർക്കാണ് രോഗമുണ്ടായത്. ഒരു കുട്ടി മരിച്ചു. മൂന്നുമാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിലാണ്. ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് അസുഖം വരുന്നത് ആദ്യമായാണ്. മരണസാധ്യതയേറെയുള്ള രോഗമാണിത്. എങ്കിലും ഫലപ്രദമായ മരുന്നുകൾ ആരോഗ്യവകുപ്പ് ലഭ്യമാക്കുന്നതിന്റെ ഫലമായി മരണനിരക്ക് കുറയ്ക്കാനായിട്ടുണ്ട്. ജർമനിയിൽനിന്ന് മിൽട്ടി ഫോസിൻ എന്ന മരുന്നാണ് എത്തിച്ചത്.
2024ൽ 36 പേർക്കാണ് രോഗമുണ്ടായത്. ഇതിൽ ഒമ്പതുപേർ മരിച്ചു. 2023ൽ രണ്ടുപേർക്കായിരുന്നു രോഗം. രണ്ടുപേരും മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗം. വെള്ളത്തിൽ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്.
