ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി അപകടകരമായ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേൽ. സൈനികനടപടിയുടെ പ്രാരംഭഘട്ടത്തിലാണെന്നും സഹായവിതരണത്തിനായി പകൽ വെടിനിർത്തുമെന്നും വ്യക്തമാക്കി. ഗാസ സിറ്റിയിൽ ഭക്ഷ്യക്ഷാമമാണെന്നു കഴിഞ്ഞദിവസം യുഎൻ ഏജൻസി പ്രഖ്യാപിച്ചിരുന്നു.
രാത്രികാല ബോംബിങ്ങും ഷെല്ലാക്രമണവും ഇസ്രയേൽ ശക്തമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 59 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 23 പേർ ഭക്ഷണകേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. പട്ടിണിമൂലം 2 കുട്ടികളടക്കം 5 പേരും മരിച്ചു.
