മലപ്പുറം: സൈബര്‍ തട്ടിപ്പുകള്‍ക്ക് സഹായകമാകുന്ന മ്യൂള്‍ ബാങ്ക് അക്കൗണ്ടുകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി കേരളാ പോലീസ് നടത്തിയ ഓപ്പറേഷന്‍ സൈ-ഹണ്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി (സൈബര്‍ ഓപ്പറേഷന്‍സ്) വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍, അതാത് ജില്ലാ പൊലീസ് മേധാവിമാരാണ് ജില്ലയില്‍ സൈ-ഹണ്ടിന് നേതൃത്വം നല്‍കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ തട്ടിപ്പ് കേസുകളില്‍ പരാതിക്കാര്‍ക്ക് നഷ്ടമായ പണം ചെക്ക് വഴിയോ എ.ടി.എം വഴിയോ പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് കൈമാറുകയും പ്രതിഫലം സ്വീകരിക്കുകയും ചെയ്ത മ്യൂള്‍ അക്കൗണ്ട് ഉടമകളെയാണ് സൈ-ഹണ്ടില്‍ പ്രധാനമായും ലക്ഷ്യമിട്ടത്.
വ്യാഴാഴ്ച നടത്തിയ സൈ-ഹണ്ട് 2025 ന്റെ ഭാഗമായി 119 അക്കൌണ്ടുകളാണ് ജില്ലയില്‍ പരിശോധിച്ചത്, ആയതില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 36 അക്കൌണ്ട് ഉടമകളേയും 7 സഹകുറ്റവാളികളേയും ഉള്‍പ്പെടെ 43 പേരെ അറസ്റ്റ് ചെയ്യുകയും, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള 39 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംഘടിത കുറ്റകൃത്യമെന്ന വിഭാഗത്തില്‍ വരുന്നതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ട 36 പേരില്‍ 30 പേരെ കോടതി റിമാന്റ് ചെയ്തു.
2,10,48,800 രൂപയുടെ ട്രാന്‍സാക്ഷനുകളാണ്, പരിശോധന നടത്തിയ 119 അക്കൌണ്ടുകളിലൂടെ നടത്തിയതായി കണ്ടെത്തിയത്. 18 വയസ്സ് മുതല്‍ 25 വയസ്സ് വരേയുള്ള 14 പേരും, 26 മുതല്‍ 48 വയസ്സ് വരേയുള്ള 22 പേരുമാണ് പ്രതികളായിട്ടുള്ളത്.
സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരുമടങ്ങിയ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഓപ്പറേഷന്‍ നടത്തിയത്.
