തമിഴകം കണ്ണീരകം

ചെന്നൈ-അമ്മക്ക് വേണ്ടി ഉതിര്‍ന്നു വീഴുന്ന കണ്ണീരില്‍ തമിഴ്‌നാട് കണ്ണീര്‍ നാടായി. ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ജയലളിതയുടെ ഭൗതികശരീരത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തുന്നത് പതിനായിരങ്ങളാണ്.വൈകീട്ട് നാലരക്ക് മറീന ബീച്ചിലെ എം.ജി.ആറിന്റെ ശവകുടീരത്തിനടുത്ത് അന്തിയുറങ്ങുന്നതിന് മുമ്പ് തങ്ങളുടെ പ്രിയപ്പെട്ട പുരുട്ചി തലൈവിയെ ഒരു നോക്കു കാണാന്‍ ജനസഹസ്രങ്ങള്‍ വരിയായി കാത്തു നില്‍ക്കുന്നു.
തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും ഏറെ സ്വാധീനിച്ച ജയയുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ തമിഴ്മക്കള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ അതീവദുഖത്തിലാണ്. തേങ്ങിയും വാവിട്ടു കരഞ്ഞും അവര്‍ തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിന്റെ വേദനപ്രകടിപ്പിക്കുന്നു.
പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ശക്തമാണ്. പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള. കര്‍ണാടക, തെലങ്കാന അതിര്‍ത്തികളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരാണ് ചെന്നൈ രാജാജി ഹാളില്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി,കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി,മുഖ്യമന്ത്രി പിണറായി വിജയന്‍,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി ദേശീയ-സംസ്ഥാന രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു
രാജാജിഹാളിന് മുന്നില്‍ ജനതതിരക്ക് നിയന്ത്രിക്കാന്‍ പോലീസിനും അര്‍ധസൈനികസേനക്കും ഏറെ പാടുപെടേണ്ടി വന്നു. പലപ്പോഴും പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് ജനങ്ങള്‍ രാജിജി ഹാളിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വൈകീട്ട് മൂന്നു മണിയോടെ പൊതുദര്‍ശനം അവസാനിപ്പിക്കുമെന്നതിനാല്‍ എല്ലാവര്‍ക്കും രാജാജി ഹാളിനകത്തേക്ക് പ്രവേശിക്കാനാവില്ലെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *