സമാധാനമായി ജീവിക്കാന്‍ കഴിയാത്തതിനാല്‍ എഴുത്തുനിര്‍ത്തുന്നു: കമല്‍ സി ചവറ

കോഴിക്കോട്: ഫേസ്ബുക്കിലൂടെ ദേശീയഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരന്‍ കമല്‍ സി.ചവറ എഴുത്തുനിര്‍ത്തുന്നു. പോലീസ് അറസ്റ്റ് ചെയ്തതിനുശേഷം അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ കയറിയിറങ്ങുകയാണെന്നും കമല്‍ സി ആരോപിക്കുന്നു. ഇക്കാരണത്താല്‍ ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവല്‍ പിന്‍വലിക്കുകയാണെന്നും തന്റെ എല്ലാ പുസ്തകങ്ങളും പൊതുജനത്തിന് മുന്നില്‍വച്ച് കത്തിക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് കമല്‍ സി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജനിച്ച അന്നുമുതല്‍ അവര്‍ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍. എന്റെ രാജ്യദ്രോഹകുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു, കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപിയും ഭരണനേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ്.

ഈ ദിവസം വരെയും എന്റെ വീട്ടില്‍ ഇന്റലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തരം കൊന്നുകളയും എന്ന നിലയില്‍ ഫോണ്‍ കോളുകള്‍ വരൂന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല. ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍, ഏതോ അധ്യായത്തിലെ ഒരു ഭാഗം, ഒരു ഇറങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശവിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്ക്കുന്നു.

അതുകൊണ്ട് ശ്മശാനങ്ങളുടെ നോട്ടുപുസ്തകം ഗ്രീന്‍ ബുക്‌സിനോട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റെന്നാള്‍ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍വച്ച് കത്തിക്കൂകയാണ്. എഴുത്തുകാരനാവണ്ട എനിക്ക്. മറ്റെന്നാല്‍ വൈകിട്ട് നാലുമണിക്ക് കിഡ്‌സന്‍ കോര്‍ണറില്‍ വച്ചാവും ഞാനത് ചെയ്യുക. ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *