ജില്ലയിലെ മികച്ച ബസ് ഡ്രൈവറായി തടവള്ളി ശേഖരനെയും മികച്ച കണ്ടക്ടറായി സത്യവല്ലഭനെയും മോട്ടോര്‍ വാഹന വകുപ്പ് തിരഞ്ഞെടുത്തു. ജനുവരി 10 മുതല്‍ 16 വരെ നടപ്പാക്കിയ റോഡ് സുരക്ഷാ വാരം-2016 ന്റെ ജില്ലാതല സമാപന സമ്മേളന വേദിയിലാണ് പ്രഖ്യാപനം നടന്നത്. സമാപന സമ്മേളനം നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പോലീസ് സൂപ്രണ്ട് കെ വിജയന് ‘ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി’ റോഡ് സുരക്ഷാ സന്ദേശം സദസ്സിന് കൈമാറി.
ഒരു അപകടത്തിനു പോലും ഇടവരുത്താതെ 33 വര്‍ഷം ബസ് ഡ്രൈവറായി പ്രവര്‍ത്തിച്ചതിനാണ് തടവള്ളി ശേഖരനെ മികച്ച ബസ് ഡ്രൈവറായി തിരഞ്ഞെടുത്തത്. മഞ്ചേരി സ്വദേശിയായ ഇദ്ദേഹം 1982 മുതല്‍ ബസ് ഡ്രൈവറാണ്. ഇപ്പോള്‍ പെരിന്തല്‍മണ്ണ-മഞ്ചേരി റൂട്ടിലെ ടി.വി.ആര്. ബസ്സിലാണ് ജോലി ചെയ്യുന്നത്. യാത്രക്കാരില്‍ നിന്നും ഒരു പരാതിയും കേള്‍പ്പിക്കാതെ ബസ് കണ്ടക്ടറായി 40 വര്‍ഷം പൂര്‍ത്തിയാക്കിയതിനാണ് സത്യവല്ലഭനെ മികച്ച ബസ് കണ്ടക്ടറായി തിരഞ്ഞെടുത്തത്. പരപ്പനങ്ങാടി-മഞ്ചേരി റൂട്ടില്‍ ബസ് കണ്ടക്ടറായ ഇദ്ദേഹം ഇരുമ്പുഴി സ്വദേശിയാണ്.
മികച്ച ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50,000 രൂപയുടെ കാഷ് പ്രൈസ് നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി സമ്മാനിച്ചു. റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം.പി അജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
