പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് മുതല്‍ ഹെലികോപ്റ്റര്‍ വരെ. ആശയവിനിമയത്തിന് ഹാം റേഡിയോ മുതല്‍ എസ്.എം.എസ് അലര്‍ട്ട് സംവിധാനങ്ങളും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ ഒരുക്കിയ ഭാവനാപൂര്‍ണമായ മുന്‍കരുതലുകള്‍ തീര്‍ഥാടനം സുഗമമാക്കാന്‍ ഏറെ സഹായകരമായി. ശബരിമല തീര്‍ഥാടനം തുടങ്ങിയതു മുതല്‍ അടിയന്തര ഓപ്പറേഷന് സെന്ററിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ്, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ കണ്ട്രോള് റൂമുകളും പമ്പയില്‍ അടിയന്തര സഹായ കേന്ദ്രവും ആരംഭിച്ചു. ഓരോ മണിക്കൂറിലും ഭക്തജന ലക്ഷങ്ങള്‍ വന്നുചേരുന്ന പമ്പയിലെയും സന്നിധാനത്തെയും ചലനങ്ങള്‍ നിരീക്ഷിക്കാനും അതതു സമയത്തെ അവലോകന റിപ്പോര്‍ട്ടുകള്‍ കൈമാറാനും വേണ്ടി ഒരുക്കിയത് അത്യാധുനിക ആശയ വിനിമയ സംവിധാനങ്ങള്‍. ഹോട്ട്ലൈനുകള്‍, ഇമെയില്‍, വയര്‍ലെസ്, എസ്.എം.എസ് അലര്‍ട്ട്, ഹാം റേഡിയോ, ഫാക്സ് എന്നിവയെല്ലാം സജ്ജീകരിച്ചു. ഒരു സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ മറ്റൊരു സംവിധാനം എന്ന നിലയ്ക്കാണ് വിപുലമായ ആശയവിനിമയ സൗകര്യങ്ങളൊരുക്കിയത്.

ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം കേശവ് മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ 16 ഓളം വകുപ്പ് മേധാവികളെ കോര്‍ത്തിണക്കിയാണ് പമ്പയിലെയും സന്നിധാനത്തെയും സാഹചര്യങ്ങള്‍ അവലോകനം ചെയ്തത്. ഓരോ മണിക്കൂറിലും സന്നിധാനത്തെത്തിച്ചേരുന്ന ഭക്തരുടെ കണക്കുകള്‍ റവന്യു മന്ത്രി, സെക്രട്ടറി തുടങ്ങിയവര്‍ക്ക് എസ്.എം.എസ് അലര്‍ട്ടുകളായി നല്കി. കാലാവസ്ഥ പ്രതികൂലമായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വ്യക്തമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരുന്നു. സന്നിധാനത്ത് 3.5 മില്ലി ലിറ്റര്‍ മഴ പെയ്താല്‍ പമ്പയില്‍ വെള്ളം കയറും. ഇത്തരമൊരു സാഹചര്യമുണ്ടാകുന്നതു മുന്കൂട്ടിക്കാണാന് നടപടി സ്വീകരിച്ചിരുന്നു. ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സാറ്റലൈറ്റ് ഇമേജുകള്‍ യഥാസമയം അവലോകനം ചെയ്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന നടപടികളെക്കുറിച്ച് ആലോചിച്ചിരുന്നു.
സന്നിധാനത്ത് തിരക്ക് നിയന്ത്രണാധീതമായാല്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ ലക്ഷ്യമിട്ടിരുന്നു. എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും 2500 ഓളം പോലീസ് സേനാംഗങ്ങളും സന്നിധാനത്തും പമ്പയിലും കഴിഞ്ഞ ദിവസങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. ഹില്‍ടോപ്പ്, യുടേണ്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. ഇതിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പോലീസും കേന്ദ്ര ദ്രുതകര്‍മ സേനയും സന്നിധാനത്ത് സേവനമനുഷ്ഠിച്ചു. മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ തിങ്ങിക്കൂടുന്ന സന്നിധാനം, നിലയ്ക്കല്‍, ഹില്‍ടോപ്പ് (പമ്പ), പൂങ്കാവനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മകരജ്യോതി ദര്‍ശനത്തിനുശേഷം ഏഴുമണിയോടെ പമ്പയില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസുകള്‍ നിലയ്ക്കലിലേക്ക് സര്‍വീസ് ആരംഭിച്ചു.
ഇതു പമ്പനിലയ്ക്കല്‍ റൂട്ടില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പമ്പയില്‍ തീര്‍ഥാടകര്‍ തിങ്ങിനില്ക്കുന്നതു ഒഴിവാക്കുന്നതിനും സഹായകരമായി. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ്സോണ്‍ ക്രമീകരണങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ഏറെ സഹായകരമായി. അപകട സാധ്യത കൂടിയ മേഖലകളില്‍ ജാഗ്രത പുലര്‍ത്തി. 40 ഓളം പട്രോളിംഗ് ടീമുകള്‍ തീര്‍ഥാടന പാതയില്‍ രംഗത്തുണ്ടായിരുന്നു. ഇതു ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഏറെ സഹായകരമായി. വനത്തിനുള്ളില്പ്പെട്ടുപോകുന്ന വാഹനങ്ങള്‍ക്ക് സേഫ്സോണ്‍ ആശ്വാസകരമായി. ഇതുമായി ബന്ധപ്പെട്ട് 6400 ഓളം പരാതികള്‍ പരിഹരിച്ചു. ശബരിമല പൂങ്കാവനം മേഖലയില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിനു സൗകര്യമൊരുക്കിയിരുന്നു.


