മലപ്പുറം : സംഘപരിവാറിന്റെ അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇരയാണ് രോഹിത് വെമുലയെന്ന് സാംസ്കാരിക പ്രവര്ത്തകന് യു. കലാനാഥന് മാസ്റ്റര്‍ പറഞ്ഞു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തിനുത്തരവാദികളായ കേന്ദ്ര മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും, രോഹിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സി പി ഐ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സവര്‍ണ ശക്തികളില്‍ അധികാരം കൈവന്നാല്‍ ദളിതര്‍ക്കും പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയുണ്ടാവില്ല. ജനങ്ങള്‍ ഇതിനെതിരാണ്. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ബി ജെ പി പരാജയപ്പെടുന്നുവെന്നത് ഇതു വ്യക്തമാക്കുന്നു.അദ്ദേഹം പറഞ്ഞു.
സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ അധ്യക്ഷത വഹിച്ചു. പി സുബ്രഹ്മണ്യന്, അഡ്വ. കെ. മോഹന്‍ദാസ്, എം എ റസാഖ് എന്നിവര്‍ പ്രസംഗിച്ചു. പി. കുഞ്ഞിമൂസ, ഇരുമ്പന്‍ സെയ്തലവി, സി എച്ച് നൗഷാദ്, പി. കെ. ജനാര്ദ്ദനന്, ജി. സുരേഷ് കുമാര്‍, കെ. ബാബുരാജ്, പി. ടി ഷറഫുദ്ദീന്, ഇ. സുജാത എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
