ദേശീയ സമ്മതിദായക ദിനം: യുവജനങ്ങള്‍ വിവേകപൂര്‍വം വോട്ട് ചെയ്യണം

ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി യുവജനങ്ങള്‍ വിവേകപൂര്‍വം വോട്ടു ചെയ്യണമെന്ന് ദേശീയ സമ്മദിദായക ദിനത്തോടനുബന്ധിച്ച് നടന്ന ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. വിജയന്‍ അഭ്യര്‍ഥിച്ചു. ‘വോട്ടര്‍മാരുടെ സമ്പൂര്‍ണവും ഗുണമേ•യുമുളള പങ്കാളിത്തം’ എന്ന ഈ വര്‍ഷത്തെ സമ്മതിദായക ദിന സന്ദേശം അര്‍ഥപൂര്‍ണമാവുന്ന വിധത്തില്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് പരിപാടിയില്‍ അധ്യക്ഷനായ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. മലപ്പുറം ഗവ. കോളെജില്‍ നടന്ന പരിപാടിയില്‍ ഭിന്നശേഷിയുളള വിദ്യാര്‍ഥി സി. പ്രശോഭിന് തിരിച്ചറിയല്‍ കാര്‍ഡ് കൈമാറി നവവോട്ടര്‍മാര്‍ക്കുളള കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തിയ പെയ്ന്റിങ്- ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുളള സമ്മാനങ്ങള്‍ എ.ഡി.എം. കെ. രാധാകൃഷ്ണന്‍ വിതരണം ചെയ്തു. സിനിമാ താരം ഹേമന്ദ് മേനോന്‍ മുഖ്യാതിഥിയായി.

ജാതി, മതം, ഭാഷ എന്നിവക്കതീതമായി വോട്ടവകാശം രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന സമ്മതിദായക ദിന പ്രതിജ്ഞ കോളെജ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ മീര ചൊല്ലിക്കൊടുത്തു. മലയാള വിഭാഗം അസി.പ്രൊഫസര്‍ ഡോ.ഗോപു എസ്.പിളള മുഖ്യപ്രഭാഷണം നടത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, കോളെജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഫൈസുദ്ദീന്‍, സ്വീപ് കോഡിനേറ്റര്‍ വര്‍ഗീസ് മംഗലം, കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *