ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ സൈനിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും അമ്മയും ഇസ്ലാമാബാദിലെത്തി. ഇസ്ലാമാബാദിലെ വിദേശ കാര്യ ഓഫിസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇതിനോടനുബന്ധിച്ച് വിദേശ കാര്യ ഓഫീസിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി പാകിസ്ഥാന് അറിയിച്ചു. ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ഓഫീസിന് ചുറ്റും പോലീസ്, അര്‍ദ്ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
ഉച്ചയോടെയാണ് കുല്ഭൂഷണ് ജാദവിന്റെ ഭാര്യയും അമ്മയും ദുബൈ വഴി പാകിസ്ഥാനിലെത്തിയത്. ഏഴു വാഹനങ്ങളുടെ അകമ്ബടിയോടെ ആദ്യം ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെ ഓഫീസിലേക്കാണ് ഇവര്‍ പോയത്. സന്ദര്‍ശക സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. ഇന്ത്യ സമ്മതിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാകിസ്ഥാന് അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം ഓഫീസില്‍ അരമണിക്കൂറാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്. അതേ സമയം കുല്ഭൂഷണ് ജാദവിന്റെ കുടുംബം മാധ്യമങ്ങളെ കാണില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഡെപ്യൂട്ടി ഹൈകമ്മിഷണര്‍ ജെ.പി.സിങ്ങും ഒപ്പമുണ്ട്. ഇദ്ദേഹത്തെയും കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാന് അനുവദിച്ചിട്ടുണ്ട്.
ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്ഭൂഷണ് ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്കിയ അപ്പീല്‍ പരിഗണനയിലാണ്. ഇന്ത്യയുടെ നിരന്തര ആവശ്യപ്രകാരമാണ് കുല്‍ഭൂഷണിനെ കാണുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.
