ശബരിമല:നാല്‍പ്പത്തിയൊന്ന് നാള് നീണ്ടു നിന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ നടന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച പൂജാചടങ്ങുകള്‍ ദര്‍ശിച്ച് പതിനായിരങ്ങള്‍ മലയിറങ്ങിയതോടെ ഒരു മണ്ഡലകാലത്തിനുകൂടി പരിസമാപ്തിയായിരിക്കയാണ്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ ആറന്മുളയില് നിന്ന് കൊണ്ടുവന്ന തങ്കഅങ്കി ചാര്‍ത്തിയായിരുന്നു മണ്ഡലപൂജ. മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന് നമ്ബൂതിരി സഹകാര്‍മികനായിരുന്നു.
മണ്ഡലപൂജയും ഉച്ചപൂജയും ഒരുമിച്ചായിരുന്നു നടന്നത്. ആറന്മുളയില് നിന്ന് പുറപ്പെട്ട തങ്കഅങ്കി, ഘോഷയാത്ര കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരമണിയോടെ പമ്ബയിലെത്തി ത്രിവേണിയില്‍ പമ്പാ ദേവസ്വം അധികൃതര്‍ സ്വീകരിച്ച് ഗണപതി കോവിലിലേക്ക് എഴുന്നള്ളിച്ച തങ്കഅങ്കിയെ മണ്ഡപത്തില്‍ എഴുന്നള്ളിച്ച് ഇരുത്തി. വൈകിട്ട് നാലു മണിയോടെ അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാര്‍ ശിരസിലേറ്റുവാങ്ങിയ തങ്കഅങ്കി ശബരിപീഠത്ത് എത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിച്ചു.
കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്ബര്‍മാരായ കെ. രാഘവന്, കെ.പി. ശങ്കരദാസ്, ജില്ലാ കലക്ടര്‍ ആര്.ഗിരിജ, ഉന്നതാധികാരസമിതി ചെയര്മാന് ജസ്റ്റിസ് സിരിഗജന്‍, ദേവസ്വം സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടന്നു. ശബരിമലയില്‍ ഇപ്പോഴും തീര്‍ത്ഥാടക തിരക്ക് തുടരുകയാണ്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് അടയ്ക്കുന്ന തിരുനട മകരവിളക്ക് ഉത്സവച്ചടങ്ങുകള്ക്കായി 30ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും.
അതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി സന്നിധാനവും പമ്ബയും തീര്‍ത്ഥാടകരുടെ പ്രവാഹത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ക്രിസ്മസ് അവധിക്കായി കലാലയങ്ങള്‍ അടച്ചതും മണ്ഡലതീര്‍ത്ഥാടനം ചൊവ്വാഴ്ച സമാപിക്കുന്നതുമാണ് തീര്‍ത്ഥാടകരുടെ ഒഴുക്കിന് കാരണം. കഴിഞ്ഞ രണ്ട് ദിവസമായി പമ്ബയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ശബരിമലയില്‍ ദര്‍ശനത്തിനുള്ള തീര്‍ത്ഥാടക നിര ശബരീപീഠം വരെ നീണ്ടിരുന്നു. ശനിയാഴ്ച വൈകിട്ട് മുതല്‍ ഇതേ അവസ്ഥ തന്നെ തുടരുകയാണ്.
ഇതോടെ അയ്യപ്പദര്‍ശനത്തിന് എട്ടു മുതല്‍ പത്ത് മണിക്കൂര്‍വരെ കാത്തിരിക്കേണ്ടിവന്നു. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് മുന്‍കൂര്‍ ദര്‍ശന സമയം നേടിയെത്തിയവര്ക്കും മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടിവന്നു. പമ്ബയില്‍ എത്തുന്ന തീര്‍ത്ഥാടകരെ മണപ്പുറത്തെ നടപന്തലില്‍ പല സെക്ടറുകളായി നിയന്ത്രിച്ച് നിര്‍ത്തി ഘട്ടംഘട്ടമായാണ് മലകയറാന്‍ അനുവദിക്കുന്നത്. പമ്ബയില്‍ കാത്തുനിന്ന് വലഞ്ഞ് മലകയറി എത്തുന്നവര്‍ക്ക് ശബരീപീഠം മുതലുള്ള ക്യൂ കോംപഌക്സുകള്‍ ആശ്വാസത്തിന് വകനല്കുന്നുണ്ടെങ്കിലും നിശ്ചിത സമയം കൊണ്ട് ദര്‍ശനം നടത്തി മടങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
മരക്കൂട്ടം ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും മതിയായ പോലീസ് ഇല്ലാത്തതും തിരക്കു വര്‍ധിക്കാന്‍ കാരണമായി. തിരക്ക് നിയന്ത്രണത്തിന് കേന്ദ്രസേനയും പോലീസിന്റെ സഹായത്തിന് സജീവമായി രംഗത്തുണ്ടായിരുന്നു. പമ്ബയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളെല്ലാം നിറഞ്ഞു കവിഞ്ഞതിനാല്‍ ചെറുവാഹനങ്ങള്‍പോലും നിലയ്ക്കലേക്ക് അയയ്ക്കേണ്ടതായി വന്നു. എന്തായാലും മണ്ഡലപൂജ കഴിഞ്ഞതോടെ ഭക്തന്മാരുടെ തിരികെപ്പോകാനുള്ള വന്‍ തിരക്കാണ് ഇപ്പോള്‍ ശബരിമലയിലും പമ്ബയിലും അനുഭവപ്പെടുന്നത്. രാത്രി നട അടയ്ക്കുന്നതോടെ ഭൂരിഭാഗം അയ്യപ്പന്മാരും മലയിറങ്ങും.
