മലപ്പുറം:കാരന്തൂര്‍ മര്‍ക്കസിന്റെ റൂബി ജൂബിലി സമ്മേളനം തിരൂരങ്ങാടിയിലെ നിര്ധനദമ്പതികള്ക്ക് സമ്മാനിച്ചത് സുരക്ഷയുടെ കാരുണ്യഭവനം. തിരൂരങ്ങാടി ചെറുമുക്ക് വെസ്റ്റില്‍ വര്‍ഷങ്ങളോളമായി ഷീറ്റ് മേഞ്ഞ ഷെഡില്‍ താമസിച്ചുവന്ന കുറുമ്പനകത്ത് സിദ്ദീഖ്-സഫിയ ദമ്പതികള്‍ക്കാണ് മര്‍ക്കസ് ഭാരവാഹികള്‍ കാരുണ്യത്തിന്റെ തണലൊരുക്കിയത്.
മീന്കച്ചടവടക്കാരനായിരുന്ന സിദ്ദീഖ് അസുഖം മൂലം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.സഫിയയും നിത്യരോഗിയാണ്. സാമ്പത്തികമായി ഏറെ പിന്നോക്കമാണെങ്കിലും സര്‍ക്കാരിന്റെ സഹായപദ്ധതികളിലൊന്നും ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ സര്‍ക്കാര്‍ സഹായത്തോടെ വീടുനിര്‍മിക്കാനുള്ള അപേക്ഷകളെല്ലാം തള്ളി. തുടര്‍ന്നാണ് ഇവരുടെ ജീവിതദുരിതം മാധ്യങ്ങളിലൂടെ ലോകം അറിഞ്ഞത്. സഹായവാഗ്്ദാനങ്ങളുമായി പല സംഘടനകളും മുന്നോട്ടു വന്നിരുന്നു. കാരന്തൂര്‍ മര്‍ക്കസിന്റെ റൂബി ജൂബിലിയുടെ ഭാഗമായി നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി നാലുമാസം കൊണ്ട് ഇവര്ക്കി വീടു നിര്‍മിക്കാന്‍ മര്‍ക്കസ് ഭാരവാഹികള്‍ മുന്നോട്ടു വന്നു.നിശ്ചയിച്ച സമയത്തു തന്നെ വീട് നിര്‍മിച്ച് താക്കോല്‍ കൈമാറുകയായിരുന്നു.
മര്‍ക്കസിന്റെ കീഴിലുള്ള ആര്.സി.എഫ്.ഐ ( റിലീഫ് ചാരിറ്റബിള്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ ) കമ്മറ്റി ജനറല്‍ സെക്രട്ടറിയും എ .പി അബൂബക്കര്‍ മുസ്ലിലിയാരുടെ മകനുമായഡോ: എ.പി അബ്ദുല്‍ ഹക്കിം അസ്ഹരിയുടെ നേത്യതത്തിലാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. മര്‍ക്കസ് ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ 21 സംസ്ഥാനങ്ങളില്‍ നാല്പത് ചാരിറ്റി മിഷന്റെ ഭാഗമായി നടപ്പാക്കിയ നാല്പത് ഇന കര്‍മ്മ പരിപാടിയില്‍ ഉള്‍പെടുത്തിയാണ് ഈ വീട് നിര്‍മിച്ചത്. കര്‍മപരിപാടിയുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 7269 ശുദ്ധജല പദ്ധതികള്‍ മര്‍ക്കസ് പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി നാല്പത് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.
സിദ്ദീഖിന്റെ വീടിന്റെ താക്കോല്‍ദാനം എ.പി അസ്ഹരി നിര്‍വ്വഹിച്ചു. ഫസല്‍ ജിഫ്രി തങ്ങള്‍ കുണ്ടൂര്‍ .സി.പി ഉബൈദുള്ള സഖാഫി,എന്‍.കെ ഇസ്സുദ്ധീന്‍ സഖാഫി,മുസ്തഫാ ബാഖവി തെന്നല, തടത്തില്‍ ജലീല്‍ .മുസ്തഫ ചെറുമുക്ക്, എന്‍.സലാം,ഇ.പി ഷാഫി,പത്തൂര്‍ യാസര്‍ എന്നിവര്‍ പങ്കെടുത്തു.
