ന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്നും ഇത് ചരിത്ര ദിനമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബില്ലില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെ പൂര്‍ണമായി എതിര്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് കോണ്‍ഗ്രസ് വാദിച്ചു. മുത്തലാഖിലൂടെ വിവാഹമോചനം നടത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയെയാണ് കോണ്‍ഗ്രസ് എതിര്‍ത്തത്.
ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രീംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്ലീം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രം രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക് സഭയിലെത്തിയത്. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നല്‍കുന്നതാണ് ബില്ല്.
