പുതുവര്‍ഷം ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാകും

ദുബൈ:സൗദിയിലും യു.എ.ഇലും പുതുവര്‍ഷം മുതല്‍ വാറ്റ് (മൂല്യ വര്‍ധിത നികുതി) നിലവില്‍ വരുന്നതോടെ പ്രവാസികളുടെ ജീവിത ചെലവ് കുത്തനെ ഉയരും. ഗള്‍ഫ് നാടുകളില്‍ ആദ്യമായാണ് നികുതി സമ്ബ്രദായം പ്രാബല്യത്തില്‍ വരുന്നത്. അഞ്ചു ശതമാനമാണ് വാറ്റ്. നിത്യോപയോഗ സാധനങ്ങളായ വെള്ളം, വൈദ്യുതി, ടെലിഫോണ്‍, ഭക്ഷ്യവസ്ഥുകള്‍ തുടങ്ങിയവയെലാം വാറ്റിന്റെ പരിധില്‍ വരുന്നുണ്ട്. എണ്ണ വരുമാനത്തില്‍ ഇടിവ് വന്നതോടെയാണ് അറബ് രാജ്യങ്ങള്‍ നികുതി ഈടാക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഐക്യരാഷ്ട്ര സഭയുയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 1.66 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലായി പ്രവാസികളായിട്ടുള്ളത്. ഇതില്‍ 89 ലക്ഷവും ഗള്‍ഫ് രാജ്യങ്ങളിലാണ്. അതിലേറെയും മലയാളികളുമാണ്. എന്നാല്‍ കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളായി ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ കുറവാണ് വന്നിട്ടുള്ളത്.

ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രതിസന്ധിയും സ്വദേശി വത്കരണവുമാണ് ഇതിന് പ്രധാനകാരണം. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കവും ഖത്തര്‍ ഉപരോധവുമെല്ലാം ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. പ്രവാസികളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും തൊഴില്‍ ഭീഷണി നേരിടുന്നുണ്ട്. പുതുവര്‍ഷം പിറക്കുന്നതോടെ അത് കൂടുതല്‍ പേരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താമസചെലവും വിദ്യാഭ്യാസ ചെലവും വര്‍ധിക്കുന്നതോടെ കുടുംബവുമൊത്ത് താമസിക്കുന്ന മലായിളികള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാകും. ജീവിത ചെലവിലുണ്ടാകുന്ന വര്‍ധനവ് മുന്നില്‍ കണ്ട് ഇതിനോടകം നിരവിധി പേര്‍ കുടുംബങ്ങളെ തന്നെ നാട്ടിലേക്കയച്ചു തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ യുഎഇയില്‍ എക്‌സൈസ് നികുതി ഈടാക്കി തുടങ്ങിയിട്ടുണ്ട്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്കും ഊര്‍ജദായക പാനീയങ്ങള്‍ക്കും യഥാക്രമം 50ഉം 100ഉം ശതമാനമാണ് എക്‌സൈസ് നികുതി ഈടാക്കുന്നത്.

ഭാവിയില്‍ പുതിയ നികുതി നടപ്പാക്കുന്നതിനെ കുറിച്ചുള്ള സൂചനകളും യുഎഇ അധികൃതര്‍ നല്‍കിയിട്ടുണ്ട്. ജനുവരി മുതല്‍ യുഎഇയിലും സൗദിയിലുമാണ് വാറ്റ് നിലവില്‍ വരുന്നതെങ്കിലും കുവൈത്തും ഒമാനും ബഹ്‌റൈനുമെല്ലാം ഈ വഴിയില്‍ തന്നെയാണ്. അടുത്ത് തന്നെ വാറ്റ് നടപ്പാക്കാനുള്ള നടപടിക്രമങ്ങളാണ് ഈ രാജ്യങ്ങളില്‍ നടക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ 89 ലക്ഷം ഇന്ത്യക്കാരില്‍ 33.1 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ യു.ഇ.ഇലാണുള്ളത്. സൗദിയില്‍ 22.7 ലക്ഷവും ഒമാനില്‍ 12 ലക്ഷവും കുവൈത്തില്‍ 11.6 ലക്ഷവും ഇന്ത്യക്കാരുണ്ടെന്നാണ് യു.എന്‍. റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *