തിരുവനന്തപുരം: തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പിലേക്ക്. പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളെയും പരീക്ഷയ്ക്കിരുത്താന്‍ ഇന്ന് തിരുവനന്തപുരത്ത് ശശി തരൂര്‍ എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി. ബാക്കിയുള്ള വിഷയങ്ങള്‍ ജനുവരി മൂന്നിനകം തീര്‍ക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.
രണ്ട് കുട്ടികള്‍ക്കും ഇനി പരീക്ഷയെയുതുന്നതിന് തടസമൊന്നുമില്ല. എന്നാല്‍ ആണ്‍കുട്ടിയുടെ ടി.സിയുടെയും ഹാജറിന്റെയും കാര്യത്തിലുമാണ് സാങ്കേതികത്വം നിലനില്‍ക്കുന്നത്. ഏതാണ്ട് 60 ദിവസത്തെ കുറവ് ആണ്‍കുട്ടിയുടെ ഹാജര്‍ നിലയിലുണ്ട്. ഇത് അച്ചടക്ക നടപടി സ്വീകരിച്ചത് മൂലം സംഭവിച്ചതാണെന്ന് കാട്ടി സി.ബി.എസ്.ഇയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. കൂടാതെ ആണ്‍കുട്ടിക്കെതിരെ ഹൈക്കോടതിയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനും വേണ്ടത് ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
പ്രശ്‌നത്തിന് കാരണമായത്
കഴിഞ്ഞ ജൂലായ് 21നാണ് പ്രശ്‌നത്തിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌കൂളില്‍ നടന്ന പാശ്ചാത്യസംഗീതമത്സരത്തില്‍ പെണ്‍കുട്ടി വിജയിച്ചെന്നറിഞ്ഞ് സുഹൃത്തായ പ്‌ളസ്ടു വിദ്യാര്‍ത്ഥി ഓടിവന്ന് ആലിംഗനം ചെയ്തതാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. സംഭവം കണ്ടുനിന്ന വൈസ് പ്രിന്‍സിപ്പല്‍ അത് റിപ്പോര്‍ട്ട് ചെയ്തു. രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂള്‍ മോറല്‍ അച്ചടക്കസമിതിയെ ചുമതലപ്പെടുത്തി. അനുമോദനം എന്ന നിലയിലല്ല, ദീര്‍ഘാലിംഗനമായിരുന്നു എന്നാണ് അച്ചടക്കസമിതി റിപ്പോര്‍ട്ട്. അതിന്റെ പേരിലാണ് കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടാളെയും ടെര്‍മിനല്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ സംഭവം കഴിഞ്ഞ് പെണ്‍കുട്ടിയും അമ്മയും പുറത്തിറങ്ങിയിട്ടില്ലെന്നാണ് കുടുംബസുഹൃത്തുക്കള്‍ പറയുന്നത്. കുട്ടിയുടെ പിതാവ് ദുബായിലാണ്. അമ്മയാണ് നാട്ടില്‍ ഉള്ളത്. അവര്‍ നീതി തേടി ബാലാവകാശ കമ്മിഷനെ സമീപിച്ചു. ഇവരെ സ്‌കൂളില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷ ശോഭാ കോശി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇതുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി വിധി കുട്ടികള്‍ക്ക് എതിരായിരുന്നു.
