തിരുവനന്തപുരം: പാര്‍ട്ടിയെ നാണം കെടുത്തും വിധം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പ്രമുഖ ബിജെപി നേതാവ് ജെആര്‍ പദ്മകുമാറിനെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബിജെപി നേതൃത്വം വിലക്കി. പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന പദ്മകുമാറിന്റെ അഭിപ്രായങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് പദ്മകുമാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല, തുടങ്ങിയ ആരോപണങ്ങള്‍ ആര്‍എസ്എസ് നേതൃത്വം ഉന്നയിക്കുകയും, അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
അന്തിചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ നിലപാടുകളും വാദമുഖങ്ങളും എതിരാളികളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നും അതുകൊണ്ട് മാറിനില്‍ക്കണമെന്നും ആര്‍.എസ്.എസ് കഴിഞ്ഞ ഒരു വര്‍ഷമായി ആവശ്യപ്പെടുന്നതാണ്. സംഘത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സോഷ്യല്‍ ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി സജ്ജീവ ചര്‍ച്ചയാണ്. സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയാണ് പദ്മകുമാറിനെതിരെയുള്ള ആര്‍.എസ.എസ് ആരോപണത്തിന് ശക്തി പകര്‍ന്നത്.
ബ്രിട്ടീഷ് സര്‍ക്കാരിന് ആറുതവണ മാപ്പ് എഴുതി നല്‍കിയ ആളാണ് സവര്‍ക്കറെന്ന് പദ്മകുമാര്‍ ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. എതിര്‍പാര്‍ട്ടിക്കാരെ പോലും അമ്ബരപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായം. സംഭവം ആര്‍എസ്എസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ആര്‍.എസ്.എസിന്റേയും പാര്‍ട്ടിയുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി കുറച്ച് കാലമെങ്കിലും ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം തന്നെ നേരിട്ടാവശ്യപ്പെടുകയായിരുന്നു.
ഒരറിയിപ്പുണ്ടാകുന്നതുവരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.മുത്തലാഖുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ ഒരു പരാമര്‍ശമാണ് പെട്ടെന്നുള്ള നടപടി ക്ക് കാരണമായത്.. മുസ്ലീം വ്യക്തി നിയമബോര്‍ഡില്‍ സ്ത്രീകള്‍ അംഗങ്ങളല്ലെന്ന് പദ്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് വനിതാ അംഗങ്ങള്‍ ഇതില്‍ അംഗങ്ങളാണെന്ന് മറ്റ് പാനല്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു
