കേരളത്തില്‍ യുഡിഎഫ് തുടരും : കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ വരുമെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും കേരളയാത്ര നായകനുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കേരളയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും പറയുന്നുണ്ട് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഈ ജാഥയെന്ന്. എന്നാല്‍ അത് നിഷേധിക്കാനൊന്നും ഞങ്ങളില്ല. അതിന് തന്നെയാണ് ഈ ജാഥ. കേരളത്തില്‍ നടന്ന വികസന വിപ്ലവങ്ങള്‍ക്ക് തുടര്‍ച്ചവേണം. കേന്ദ്രത്തില്‍ അള്ളിപിടിച്ചിരിക്കുന്ന മോഡിയെ താഴെയിറക്കണം. ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ  ലക്ഷ്യം.

കേരള യാത്ര കടന്നുവരുന്നയിടങ്ങളിലെല്ലാം സകല കേടുകളും തീര്‍ത്താണ് യാത്രമുന്നോട്ടുപോകുന്നത്. അത്ര വലിയ ടയറുള്ള ഈ എഞ്ചിന് സകല കേടുപാടുകളും തീര്‍ക്കാന്‍ മിനുട്ടുകള്‍ മതി. യുഡിഎഫില്‍ ഒരു പ്രശ്‌നങ്ങളും ജില്ലയില്‍ ഇല്ല. ഐക്യത്തിന് വിപരീതമായി ഒരു പ്രശ്‌നങ്ങളും തങ്ങളില്‍ നിന്നുണ്ടാവില്ലെന്ന കെപിസിസി പ്രസിഡന്റിന്റേയും ഡിസിസി പ്രസിഡന്റും വാക്കുകള്‍ക്ക് കെട്ടുറപ്പോടെ മുന്നോട്ടുപോകാനുള്ള കരുത്തുണ്ട്. യുഡിഎഫ് തിരിച്ച് അധികാരത്തില്‍ വരും. ജനങ്ങളുടെ വികാരം അതാണ്.  ഭരണ പക്ഷത്തുനില്‍ക്കുന്ന സമയത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഇത്തരം ജാഥകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറില്ല. ലഭിക്കാന്‍ പാടില്ല. അതിന് പിന്നില്‍ ഭരണ വിരുദ്ധ വികാരം എന്ന ഒന്നുണ്ടാകുമെന്നാണ് പറയപ്പെടാറ്. പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ജാഥ ഏശാറ് പതിവ്. ഭരണപക്ഷത്തിരിക്കുമ്പോഴും ജാഥ തരംഗമാവുകയാണ്. ഇതിന്റെ കാരണം വളരെ വ്യക്തമാണ്. ഈ അഞ്ചുകൊല്ലം കഴിഞ്ഞാല്‍ പിന്നെ ഭരണമാറ്റം എന്നുള്ളത് ഒരു കിതാബിലും പറഞ്ഞിട്ടില്ല എന്നതുതന്നെയാണ്. പുതിയ തലമുറയുടെ ഖിതാബില്‍ ഇത്തരം കാര്യങ്ങള്‍ക്ക് തീരെ സ്ഥാനമില്ല. അവര്‍ക്ക് കാര്യങ്ങള്‍ അറിയാം.

ഒരു ബാറുമുതലാളിയുടെ വാക്കോ അല്ലെങ്കില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഓരളുടെ വാക്കോ അല്ല യുവതലമുറയുടെ പ്രശ്‌നം. ഇവര്‍ രണ്ടു തലക്കല്‍ നിന്ന് പറയുന്നതൊന്നും വിശ്വാസിക്കാന്‍ മാത്രം മണ്ടന്മാരല്ല ഇവിടത്തെ പുതുതലമുറ. സ്വന്തം കയ്യില്‍ ഒന്നുമില്ലാതെ വട്ടം കറങ്ങുന്ന കൂട്ടര്‍ പല ക്രിമിനലുകളേയും കൂട്ടം പിടിച്ച് നടത്തുന്ന പേക്കൂത്തുകള്‍ പുതുതലമുറ പുച്ഛിച്ച് തള്ളും. സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചാല്‍ ഇതു എല്ലാവര്‍ക്കും മനസ്സിലാകും. സാംസ്‌കാരിക കേരളത്തിന് അപമാനമാകുന്ന പ്രവര്‍ത്തികളുമായി കേരളം മലീനസമാക്കുന്ന പ്രവര്‍ത്തികളുമായിട്ടാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. ഇതെല്ലാം  ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ഒരാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഖേദകരമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ പിതൃതുല്ല്യനെന്ന് പറഞ്ഞിരുന്ന ഒരാള്‍ ഇന്ന് മറ്റുപലതും പറയുന്നതൊക്കെ എന്തിന്റെ പേരിലാണെന്നുള്ളത് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ജനസമ്പര്‍ക്കം മാത്രം മതി അദ്ദേഹത്തെ അളക്കാന്‍. രാത്രിയും പകലും ഊണും ഉറക്കവുമില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ടതായിരിക്കും കൂടുതല്‍ ആനുകൂല്യം. താഴെതട്ടിലുള്ള ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് കൊണ്ടാണിത്. കേരളത്തില്‍ യുഡിഎഫിന് അനുകൂല തരംഗമാണിപ്പോള്‍.  ഇത് ഇങ്ങനെ തന്നെ അങ്ങ് മുന്നോട്ടുപോയാല്‍ സകല കേടുകളും തീര്‍ത്ത് യുഡിഎഫിന് വീണ്ടും അധികാരത്തിലെത്താന്‍ ജനങ്ങള്‍ സഹായിക്കും.
ഐടി രംഗത്ത് കേരളത്തിലുണ്ടായ കുതിച്ചുചാട്ടം സംസ്ഥാനത്തെ അഭ്യസ്ഥ വിദ്യരായ യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ തുറന്നുനല്‍കി. കൂടെ സാധാരണ ജനങ്ങള്‍ക്കും ഇതിന്റെ ഫലങ്ങള്‍ കിട്ടിതുടങ്ങി. ടെക്‌നോ പാര്‍ക്കില്‍ ലക്ഷത്തിനടുത്ത് തൊഴിലാളികള്‍ ജോലി ചെയ്യുന്നു.

വിദേശ രാജ്യങ്ങള്‍ വരെ കേരളത്തിലെ ഐടി കമ്പനികളില്‍ സേവനങ്ങള്‍ക്ക് വരി നില്‍ക്കുന്ന അവസ്ഥയാണ്. ഇതെല്ലാം  യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതാണ്. ഇന്‍ഫോ പാര്‍ക്കില്‍ അരലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്നു. സ്മാര്‍ട്ട് സിറ്റി വരുന്നതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങളും വിദേശ പണവും ഒഴുകും. ദുബായ് സര്‍ക്കാറാണ് സ്മാര്‍ട്ട്‌സിറ്റി നടത്തുന്നത്. മലബാറിന്റെ തന്നെ വികസനങ്ങള്‍ക്ക് മുതല്‍കൂട്ടാവാന്‍ കോഴിക്കോട് സൈബര്‍ പാര്‍ക്ക് വരുന്നുണ്ട്. എയര്‍പോര്‍ട്ട് വികസിക്കും. ഈ സര്‍ക്കാറന്നെ അധികാരത്തില്‍ വന്നില്ലെങ്കില്‍ നമ്മുടെ കാര്യം പോക്കാണ് എന്ന് ചിന്തിക്കുന്ന യുവതലമുറയാണ് കേരളയാത്രയിലുടനീളം ഞങ്ങള്‍ക്ക് കാണാനായത്.  കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *