മലപ്പുറം: മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായി ആരോപണം. കേരളയാത്രക്ക് സ്വാഗതമോതി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡിലാണ് ഔദ്യോഗിക വാഹനവും സ്ഥാനം പിടിച്ചിട്ടുള്ളത്.
സംസ്ഥാന വ്യവസായ മന്ത്രിയായിട്ടല്ല കുഞ്ഞാലിക്കുട്ടി യാത്ര നയിക്കുന്നത്. മുസ്ലിം ലീഗ് നേതാവായിട്ടാണ്. പാര്‍ട്ടി പരിപാടികളിലും പൊതുയോഗങ്ങളിലും സാധാരണ പങ്കെടുക്കുന്ന മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനത്തിലാണ് എത്താറുള്ളത്. പക്ഷേ അത് ഉപയോഗിച്ച് പോസ്റ്റര്‍ അടിക്കുന്നത് ആദ്യമായിട്ടാണ്.
ഫ്ളക്സ് ബോര്‍ഡില്‍ രണ്ടാം നമ്പര്‍ സര്‍ക്കാര്‍ വാഹനത്തിന് മുന്നില്‍ പച്ചനിറത്തിലുള്ള കുടയും ചൂടി നില്ക്കുന്ന യാത്രാനായകനാണ് കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് ഓടുന്ന വാഹനം പാര്‍ട്ടി ജാഥയുടെ പ്രചരണത്തിന് ഉപയോഗിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
