വാഷിങ്ടണ്‍: പാകിസ്താന്റെ പിന്തുണയുള്ള ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുന്നത് തുടര്‍ന്നേക്കുമെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്സാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളെ അപകടകരമായ രീതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്ബിനു നേര്‍ക്ക് ആക്രമണം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് കോട്സിന്റെ മുന്നറിയിപ്പ് പുറത്തെത്തിയിട്ടുള്ളത്. ആറ് സൈനികര്‍ ഉള്‍പ്പടെ ഏഴുപേര്‍ സുന്‍ജുവാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ യു എസിന്റെ താത്പര്യങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ഭീഷണി ഉയര്‍ത്തുകയാണ് പാകിസ്താന്. പാകിസ്താന് ഭീകരവാദികളുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും ചെയ്യുന്നു.അതോടൊപ്പം തന്നെ ചൈനയോട് അടുപ്പം സ്ഥാപിക്കാനും പാകിസ്താന് ശ്രമിക്കുന്നുണ്ടെന്നും അമേരിക്കന്‍ ഇന്റലിജന്‍സിന്റെ വേള്‍ഡ് ത്രെട്ട് അസെസ്മെന്റില്‍ പങ്കെടുക്കവേ കോട്സ് പറഞ്ഞു.
‘ഇസ്ലാമാബാദിന്റെ പിന്തുണയുള്ള ഭീകരസംഘടനകള്‍ പാകിസ്താനിലുള്ള തങ്ങളുടെ സുരക്ഷിത താവളങ്ങളെ പ്രയോജനപ്പെടുത്തും. തുടര്‍ന്ന് അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലും അഫ്ഗാനിസ്താനിലും ആക്രമങ്ങള്‍ നടത്തുകയും ചെയ്യും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ തുടരാനിടയുണ്ട്. ഭീകര സംഘടനകള്‍ക്ക് പാകിസ്താന് പിന്തുണ നല്‍കുന്നതാണ് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്നും കോട്സ് കൂട്ടിച്ചേര്‍ത്തു.
