ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചിത്രത്തില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ദാവോസില്‍ നടന്ന സാമ്ബത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ നീരവ് ഇല്ലായിരുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ദാവോസില്‍വെച്ച് നീരവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ല. സ്വന്തം നിലയിലാണ് അയാള്‍ ദാവോസില്‍ എത്തിയത്. സി.ഐ.എ സംഘത്തോടൊപ്പമാണ് നീരവ് ചിത്രം എടുക്കാനായി വന്നത്. പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച രീതി അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.
മദ്യ വ്യവസായി വിജയ് മല്യക്ക് മുന്‍ പ്രധാനമന്ത്രി സഹായം നല്‍കിയിരുന്നതായും മന്ത്രി ആരോപിച്ചു. നിരവധി വന്‍കിടക്കാരും കോണ്‍ഗ്രസ് േനതാക്കളും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ട്. എന്നാല്‍, അത്തരം തരംതാഴ്ന്ന നിലയിലേക്ക് തങ്ങള്‍ പോകില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
