മലപ്പുറം: ക്രഷറി തട്ടിപ്പ് കേസില്‍ പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യംചെയ്യാതെ പൊലീസ് കേസന്വേഷണം വൈകിപ്പിക്കുകയാണെന്ന് പരാതിപ്പെട്ട് പ്രവാസിയായ സലീം മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കത്ത് നല്‍കി. തട്ടിപ്പ് തെളിയിക്കുന്ന ബാങ്ക് രേഖകളും കര്‍ണാടകയിലെ ക്രഷറി സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നുള്ള തെളിവുകളും ലഭിച്ചിട്ടും മഞ്ചേരി പൊലീസ് അന്വേഷണം വൈകിപ്പിക്കുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പിവി അന്‍വര്‍ എംഎല്‍എ ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് കാണിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പണം തിരികെ ലഭിക്കാനുള്ള അനുകൂല സമീപനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരനായ സലീം ആദ്യം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി സിജെഎം കോടതിയുടെ ഉത്തരവിലൂടെയാണ് പിവി അന്‍വറിനെതിരായ കര്‍ണാടകയിലെ ക്രഷറി ബിസിനസുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ഉത്തരവ് നേടിയെടുത്തത്. അന്വേഷണം ഏറ്റെടുത്ത മഞ്ചേരി പൊലീസ് തുടക്കത്തില്‍ കാട്ടിയ ആവേശം പിന്നീട് കേസന്വേഷണത്തില്‍ കാണിക്കുന്നില്ലെന്നാണ് പരാതിക്കാരനായ സലീമിന്റെ ആക്ഷേപം.
അബുദാബിയില്‍ എഞ്ചിനീയറായ സലീം കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്ന് തവണ നാട്ടിലെത്തി. പരാതിക്കാരനും ആരോപിതനും തമ്മില്‍ അരക്കോടി രൂപയുടെ ഇടപാട് നടന്നതിന്റെ ബാങ്ക് രേഖകള്‍ ഇതിനകം തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കര്‍ണാടകയിലെ ബല്‍ത്തങ്ങാടിയിലെത്തി രണ്ടംഗ അന്വേഷണ സംഘം തട്ടിപ്പുനടന്നതിന്റെ കൂടുതല്‍ രേഖകള്‍ ശേഖരിച്ചതായി സലീം പറയുന്നു. 2012 ല്‍ ഇടപാട് നടക്കുമ്ബോള്‍ ഇല്ലാത്ത ക്രഷറിയുടെ പേരിലാണ് പിവി അന്‍വര്‍ അരക്കോടിയുടെ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച രേഖകളെല്ലാം പരാതിയോടൊപ്പം സലീം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തെളിവുകള്‍ ലഭിച്ചുകഴിഞ്ഞ വഞ്ചനാകുറ്റത്തില്‍ അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കാനുണ്ടെന്ന് പറഞ്ഞ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മഞ്ചേരി സിഐ തുടര്‍നടപടികള്‍ വൈകിപ്പിക്കുകയാണെന്നും സലീം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പിവി അന്‍വറിനെ ചോദ്യം ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വൈകുന്നു എന്നും സലീം പരാതിപ്പെടുന്നുണ്ട്. പ്രവാസിയായ തനിക്ക് നീതി ലഭിക്കണമെന്നും കേസന്വേഷണം വൈകിപ്പിക്കരുതെന്നും മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ ആവശ്യപ്പെടുന്നു. ഡിജിപി, മലപ്പുറം എസ്പി എന്നിവര്‍ക്കും സലീം കത്തിന്റെ പകര്‍പ്പുകളയച്ചിട്ടുണ്ട്.
