ജോഹന്നാസ്ബര്‍ഗ്: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചതിന് പിന്നാലെ സിറില്‍ റാമാഫോസയെ പുതിയ പ്രസിഡന്റായി നിയമിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് വേറാരും മത്സരിക്കാത്തതിനാല്‍ ഏകപക്ഷീയമായിട്ടായിരുന്നു റാമാഫോസയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
അതേസമയം, അധികാരത്തിലെത്തി ഒമ്ബത് വര്‍ഷത്തിന് ശേഷമാണ് ജേക്കബ് സുമ രാജിവച്ചത്. സ്വയം രാജിവച്ചൊഴിയാന്‍ സുമ തയ്യാറാകണമെന്ന് സ്വന്തം പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെ ടെലിവിഷന്‍ അഭിസംബോധനയിലൂടെയായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തന്നോട് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിനോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ സുമ, താന്‍ എന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായിരുന്നെന്നും പറഞ്ഞു
സുമയുടെ ഭരണകാലത്ത് അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാണിരുന്നു. ഇത് പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തെ സുമയ്ക്ക് എതിരാക്കിയിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയ്ക്കും ഇത് വിള്ളല്‍ ഏല്പിച്ചിരുന്നു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം നടന്ന ഓരോ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇത് സുമയുടെ പുറത്തേക്കുള്ള പോക്കിന് ഇടയാക്കി. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍, അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ എ.എന്‍.സിക്ക് ഭരണം നിലനിറുത്തുക ബുദ്ധിമുട്ടാവുമെന്ന് നേതൃത്വം മനസിലാക്കിയിരുന്നു.
783 അഴിമതി കേസുകളാണ് സുമയുടെ പേരിലുള്ളത്. ഇവയിലൊന്നും സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. അഴിമതിയാരോപണങ്ങളില്‍ അദ്ദേഹത്തെ സഹായിച്ച ഗുപ്ത കുടുംബത്തിന്റെ വസതിയില്‍ പൊലീസ് ഇന്നലെ പരിശോധന നടത്തി. ഇന്ത്യന്‍ കുടിയേറ്റക്കാരായ മൂന്ന് സഹോദരന്മാരുടെ കുടുംബമാണ് ഗുപ്ത. ദക്ഷിണാഫ്രിക്കയിലെ പ്രബല ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമകള്‍ കൂടിയാണിവര്‍. ജേക്കബ് സുമ ഉള്‍പ്പെട്ട ഗുപ്ത ഗേറ്റ് അഴിമതിയില്‍ ഗുപ്ത സഹോദരങ്ങളായ അജയ്, അതില്‍, രാജേഷ് എന്നിവരില്‍ നിന്ന് ഭീമമായ തുക കൈപ്പറ്റിയിട്ടുണ്ടെന്നാണ് ആരോപണം.
