തൃശൂര്‍: കേരള കോണ്‍ഗ്രസ്എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തില്‍ സിപിഎമ്മും സിപിഐയും കൊന്പുകോര്ക്കുന്നതിനിടെ കെ.എം.മാണി ഇന്ന് സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്തും. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് മാണി പങ്കെടുക്കുക. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറിന് എത്തുന്നുണ്ട്.
മാണിയുടെ സിപിഎം വേദിയിലെ സാന്നിധ്യം രാഷ്ട്രീയ കേരളം വളരെ ആകാംഷയോടെയാണ് കാണുന്നത്. ഒരു മുന്നണിയുടെയും ഭാഗമാകാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്ന് മാണി പറയുന്പോഴും ഇടത് ചായ് വാണ് പാര്‍ട്ടിക്ക് എന്ന് വ്യക്തമാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് ഉള്‍പ്പടെയുള്ളവര്‍ മാണിയെ പരസ്യമായി ക്ഷണിക്കുക കൂടി ചെയ്തതോടെ പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ ആരംഭമാകും തൃശൂരിലെ സമ്മേളന വേദിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടതുമുന്നണി പ്രവേശനം ആഗ്രഹിക്കുന്ന ആര്.ബാലകൃഷ്ണപിള്ളയും ഇന്ന് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ മാണിയുടെ വരവോടെ പിള്ളയുടെ പങ്കാളിത്തം വാര്‍ത്തകളില്‍ നിന്നും അകന്നുപോയി. അതേസമയം മാണിയുടെ വരവിനെ എതിര്‍ക്കുന്ന വി.എസ്.അച്യുതാനന്ദന് ഇന്നത്തെ സെമിനാറില്‍ നിന്നും പിന്മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച കാര്യപരിപാടി അനുസരിച്ച് വി.എസായിരുന്നു ഇന്നത്തെ സെമിനാറില്‍ അധ്യക്ഷപദം അലങ്കരിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം പി·ാറിയതോടെ സിപിഎം കാര്യപരിപാടിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
