ഹൈക്കോടതി വിധി ; പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് വി.എം.സുധീരന്‍.

നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ആവര്‍ത്തിച്ച്‌ ഉറപ്പിക്കുന്നതാണ് കോടതിവിധി. അധികാരത്തിന്റെ തണലില്‍ രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്ന സി.പി.എം ശൈലിയെ നിയമസഭയ്ക്കകത്തും പുറത്തും ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണിത്. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ഇതോടെ നഷ്ടപ്പെട്ടുവെന്നും സുധീരന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കുന്നതിനും ഇതിന് പിന്നിലുള്ള ആസൂത്രകരെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിനും തുടക്കം കുറിക്കാന്‍ ഈ സുപ്രധാനവിധി ഇടവരുത്തുമെന്നും സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *