ത്രിപുര നല്‍കുന്നത് പുതിയ ദിശാബോധം വേണമെന്ന പാഠം: കാരാട്ട്

തിരുവനന്തപുരം: കാല്‍ നൂറ്റാണ്ട് ഭരിച്ച ത്രിപുരയില്‍ സി.പി.എം അധികാരത്തില്‍ നിന്ന് പുറത്ത് പോയത് രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഇടതുപക്ഷത്തിന് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് നല്‍കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ത്രിപുരയില്‍ 45 ശതമാനം വോട്ട് സി.പി.എമ്മിന് ലഭിച്ചു. അതിനാല്‍തന്നെ ത്രിപുരയില്‍ ഇനിയൊരു തിരിച്ചുവരവിനുള്ള അവസരം സി.പി.എമ്മിനുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സി.പി.എമ്മിനാവും. നിലവിലെ സാഹചര്യങ്ങള്‍ വച്ച്‌ പുതിയ ദിശാബോധം പാര്‍ട്ടിക്ക് നല്‍കേണ്ടതുണ്ടെന്നാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

ഇടതുവിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ത്രിപുരയില്‍ പാര്‍ട്ടിക്ക് തിരിച്ചടി ആയത്. ഇതിനൊപ്പം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി പണം ഒഴുക്കുകയും മറ്റ് പല മാര്‍ഗങ്ങളും സ്വീകരിക്കുകയും ചെയ്തു. ത്രിപുരയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ദുര്‍ബലമായിരുന്നു. അവരുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ നിലപാടുകള്‍ സി.പി.എമ്മിന് തിരിച്ചടിയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ബൂത്ത് തലത്തിലുള്ള അംഗങ്ങള്‍ വരെ ബി.ജെ.പിയിലേക്ക് പോയതാണ് ഇത്തരത്തിലൊരു തിരിച്ചടി അവിടെ നേരിടേണ്ടി വന്നതിന് കാരണമെന്നും കാരാട്ട് വിശദീകരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ അടവുനയം ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *