തുഷാറിനേക്കാള്‍ യോഗ്യന്‍ മുരളീധരന്‍;ബിജെപിക്ക് വളരാനാകില്ലവെള്ളാപ്പള്ളി

ആലപ്പുഴ: രാജ്യസഭാ എംപി സ്ഥാനത്തിന് തുഷാര്‍ വെള്ളാപ്പള്ളിയേക്കാള്‍ യോഗ്യനാണ് ബിജെപിയുടെ വി. മുരളീധരനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ നിന്ന് എംപിയായി പരിഗണിക്കേണ്ടിയിരുന്ന ആദ്യത്തെ ആള്‍ മുരളീധരനായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. മുരളിക്ക് എം.പി സീറ്റ് കൊടുത്തത് ശരിയായ നടപടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിയോ, ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. തുഷാറിന് എംപിസ്ഥാനം എന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ കോഴിക്കോട് നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിജെപി നേതൃത്വം എന്‍ഡിഎയെ നന്നായി കൊണ്ടുനടക്കുന്നില്ലെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപി മുന്നോക്ക ആഭിമുഖ്യമുള്ള പാര്‍ട്ടിയാണ്. ബിഡിജെസ് പിന്നാക്ക ആഭിമുഖ്യമുള്ള പാര്‍ട്ടിയും. എന്നാല്‍ പിന്നോക്ക മുന്നോക്ക ആഭിമുഖ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ട് പോകാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിക്ക് ഇതില്‍ കൂടുതല്‍ കേരളത്തില്‍ വളരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഘടകക്ഷികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ സ്ഥാനമാനങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും കണ്ടുപടിക്കണം. അവര്‍ മുന്നണിയിലെ ചെറിയ കക്ഷികള്‍ക്ക് പോലും ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.ബിജെപി നേതാവായ വി മുരളീധരന് പോലും അവസാന ഊഴത്തിലാണ് സീറ്റ് നല്‍കുന്നതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *