തിരുവനന്തപുരം: ആര്‍എസ്എസിനെ ന്യായീകരിക്കാന്‍ വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമായ വാദങ്ങളാണ് കോണ്‍ഗ്രസ് അംഗം പിടി തോമസ് നിയമസഭയില്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആര്‍എസ്എസിനെ പവിത്രവല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസ്്. ഇഎംഎസും സിപിഐഎമ്മുമാണ് ആര്‍എസ്എസിന് മുസ്ളിംവിരുദ്ധ മനോഭാവമുണ്ടാക്കിയതെന്നും തലശ്ശേരി കലാപകാലത്ത് മെരുവമ്ബായി മുസ്ളിംപള്ളിക്ക് കാവല്‍നിന്ന സിപിഐഎം പ്രവര്ത്തകന് യു കെ കുഞ്ഞിരാമനെ ആര്‍എസ്എസ് കൊലപ്പെടുത്തിയ സംഭവത്തെ കള്ളുഷാപ്പിലെ തര്‍ക്കത്തെതുടര്‍ന്നുള്ള കൊലയായും ചിത്രീകരിച്ച പി ടി തോമസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍എസ്എസിന്റെ ജനനം തൊട്ടേ അവരുടെ നിലപാട് വ്യക്തമാണ്. ആഭ്യന്തര ശത്രു മുസ്ളിംകള്‍, ക്രൈസ്തവര്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവയാണെന്ന് വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ എഴുതിവെച്ചിട്ടുണ്ട്. ഹിറ്റലറുടെ നാസിസം സ്വീകരിച്ച അതേ പാതതന്നെയാണ് ആര്‍എസ്എസും സ്വീകരിച്ചത്.
രൂപീകരണകാലംതെട്ടേ ആര്‍എസ്എസിന് മുസ്ളിംവിരുദ്ധതയുണ്ട്. സിപിഐഎമ്മിനെയും ഇഎംഎസിനെയും വലിച്ചഴച്ച് ആര്‍എസ്എസിനെ പ്രത്യേക തരത്തില്‍ ന്യായീകരിക്കുകയാണ്.
ആര്‍എസ്എസുകാര്‍ തല്ലിക്കൊന്ന സിപിഐഎം രക്തസാക്ഷി യു കെ കുഞ്ഞിരാമനെ അപമാനിക്കുകയാണ് കോണ്‍ഗ്രസ്. ആര്‍എസ്എസ് പോലും ഇതുവരെ ഉന്നയിക്കാത്ത വാദമാണ് പിടി തോമസിന്റേത്. തലശ്ശേരികലാപകാലത്ത് വീട്, സ്വര്‍ണം, മറ്റ് വസ്തുവഹകള്‍ എന്നിവ ധാരാളം പേര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജീവന് നഷ്ടപ്പെട്ടത് സിപിഐഎമ്മിന് മാത്രമാണ്. കലാപകാലത്ത് സമാധാനം സ്ഥാപിക്കാന്‍ ഇറങ്ങിയ സിപിഐഎം ആത്മഹൂതി ചെയ്തുപോലും മത സൌഹാര്‍ദം കാത്തു സൂക്ഷിക്കാന്‍ രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്തു. അങ്ങനെയാണ് മെരുവമ്ബള്ളിയിലെ മുസ്ളിംപള്ളിക്ക് യു കെ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ സിപിഐഎം ഭടന്മാര് കാവല്‍നിന്നത്.
രാത്രി ആര്‍എസ്എസുകാര്‍ പള്ളി തകര്ക്കാനെത്തിയെങ്കിലും തങ്ങനെ കൊന്നേ ഇവിടെനിന്ന് ഒരടി മുന്നോട്ടുവെക്കാനാകൂവെന്ന് കുഞ്ഞിരാമന് പറഞ്ഞു. ഇതോടെ പിന്മാറിയ ആര്‍എസ്എസുകാര്‍ രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയായ മീര്വേലിയില് കാവല്‍നിന്നു. പുലര്‍ച്ചെ പ്രഭാതകൃത്യങ്ങള്‍ക്കായി പോകുംവഴി ആര്‍എസ്എസുകാര്‍ കുഞ്ഞിരാമനെ കുത്തിക്കൊലപ്പെടുത്തി. അത്യന്തം ഹീനമായ ഈ കൊലയെയാണ് കള്ളുഷാപ്പില്നിന്നുള്ളതാക്കാന് ബുദ്ധി എങ്ങനെയുണ്ടായി. കോണ്‍ഗ്രസിന്റെ ഒരാളും ഇതുവരെ പറയാത്ത കാര്യങ്ങളാണ് പി ടി തോമസ് പറഞ്ഞത്. ഇത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്-മുഖ്യമന്ത്രി പറഞ്ഞു.
