റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളില്‍ സ്വദേശിവത്കരണം നാപ്പിലാക്കും. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
വിദേശ വിമാന കമ്പനികളുടെ എല്ലാ തസ്തികകളിലും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കും. ഇതിന് വിരുദ്ധമായി വിദേശികള്‍ക്ക് ജോലി നല്കുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് അറിയാന്‍ കമ്ബനികളില്‍ മിന്നല്‍ പരിശോധനകളും നടക്കും. ഇതോടെ വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ജോലി തുലാസിലാകും. യോഗ്യരായ സ്വദേശിയുവാക്കള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ജോലി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന് വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു.
