ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഖാന് മോഹില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ബിജെ പി നേതാവിനു നേരെയുണ്ടായ ആക്രമത്തിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലായിരുന്നു സംഭവം.
ഖാന്‍മോഹില്‍ പട്രോളിങ്ങ് നടത്തുന്ന സൈനികരുടെ നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടു പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ എസ്എച്ച്ഒ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റു.
നേരത്തെ, ബിജെപി നേതാവ് അന്‍വര്‍ ഖാന്റെ അംഗരക്ഷകനില്‍ നിന്ന് ആയുധം തട്ടിയെടുക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തില്‍ നിന്ന് ബിജെപി നേതാവ് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനു പരുക്കേറ്റിരുന്നു.
ആക്രമണത്തിന് ശേഷം പ്രദേശത്തെ വീട്ടില്‍ ഒളിച്ച ഭീകരര്‍ക്കായി സേന തിരച്ചില്‍ ശക്തമാക്കിയിരുന്നു.സംഭവത്തെ തുടര്‍ന്ന് ബാരമുള്ളബന്നിഹല് ട്രെയിന്‍ സര്‍വീസ് അധികൃതര്‍ റദ്ദാക്കി.
