തേനിയിലെ കാട്ടുതീ: ഒരാള്‍ കൂടി മരിച്ചു, മരണ സംഖ്യ 15

മധുര: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി വനമേഖലയിലാണ് ദുരന്തമുണ്ടായത്. ചെന്നെയിലെ ഐ.ടി. കമ്ബനി ജീവനക്കാരുള്‍പ്പെടെ 37 അംഗം ട്രക്കിംഗ് സംഘം മൂന്നാറിലെ മീശപ്പുലിമലയില്‍ നിന്ന് കൊളുക്കുമല വഴി ബോഡിനായ്ക്കന്നൂരിലേക്ക് വരുമ്‌ബോള്‍ ചെങ്കുത്തായ മലഞ്ചെരുവിലെ കാട്ടുതീയില്‍ അകപ്പെടുകയായിരുന്നു. ആളിക്കത്തിയ തീനാളങ്ങളില്‍ നിന്ന് രക്ഷപെടാന്‍ നാലുപാടും ചിതറിയോടിയവര്‍ പക്ഷേ അപകടത്തിന്റെ ആഴക്കയത്തില്‍പ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് ഒന്‍പത് പേരും തൊട്ടടുത്തദിവസം മധുരയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരും മരിച്ചിരുന്നു.

തീപ്പൊള്ളലേറ്റ ഏതാനും പേര്‍ കൂടി മധുരയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ ചിലര്‍ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.
സംഘത്തിലെ ഏക മലയാളിയായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി കള്ളിവയല്‍ മീന ജോര്‍ജ് മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *