ന്യൂഡല്‍ഹി: ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്ത് ഐക്യമുണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഡല്‍ഹിയില്‍ നടക്കുന്ന എഐസിസിയുടെ സന്പൂര്‍ണ പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ രാജ്യത്ത് വിദ്വേഷം പരത്തുകയാണ്. ഇതിനെ നേരിടാന്‍ കോണ്‍ഗ്രസിനെ സജ്ജമാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസിനേയും സംഘപരിവാറിനെയും നേരിടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിന് തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശനിയാഴ്ച രാവിലെ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. എഐസിസിയുടെ 84-ാം സമ്മേളനമാണിത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച സമ്മേളനത്തില്‍ ചര്‍ച്ചയാകും. രാഷ്ട്രീയ സാന്പത്തിക വിഷയങ്ങളടക്കമുള്ള നാല് പ്രമേയങ്ങളും സമ്മേളനത്തില്‍ പാസാക്കും.
എഐസിസി അംഗങ്ങളും പിസിസി അംഗങ്ങളുമുള്‍പ്പെടെ 13,000 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
